ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി ടോസിംഗ് ഇല്ല

icc

മുംബൈ: ക്രിക്കറ്റിലെ പരമ്പരാഗത സമ്പ്രദായമായ ടോസിംഗ് ഒഴിവാക്കാന്‍ ഐസിസി ആലോചിക്കുന്നു. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ടോസിംഗ് സമ്പ്രദായം എടുത്തു കളയണമോ വേണ്ടയോ എന്നതാണ് ഐസിസി ചര്‍ച്ച ചെയ്യുന്നത്. ഇതു സംബന്ധിച്ച തീരുമാനത്തിനായി 28, 29 തീയതികളില്‍ ഐസിസി യോഗം ചേരും. മുംബൈയിലാണ് യോഗം. 1877ല്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരം മുതല്‍ ഇന്നുവരെ മുടങ്ങാതെ തുടരുന്ന രീതിയാണ് തിരുത്താന്‍ ആലോചിക്കുന്നത്. നിലവില്‍ ആതിഥേയ രാജ്യത്തിന്റെ ക്യാപ്റ്റനാണ് ടോസ് ഇടാനുള്ള അവകാശം. എതിര്‍ ടീമിന്റെ നായകന്‍ ടോസ് വിളിക്കുകയും ചെയ്യും. പക്ഷേ, ഇത് നീതിയുക്തമല്ലെന്നും ആതിഥേയ ടീമിന് ആനുകൂല്യം നല്‍കുന്നതാണെന്നും ആരോപണം ഉയരാന്‍ തുടങ്ങിയിട്ട് കുറേയേറെ കാലമായി. ആതിഥേയരാണല്ലോ പിച്ച് ഒരുക്കുന്നതെന്ന ആനുകൂല്യവും അവര്‍ക്ക് ലഭിക്കുന്നുണ്ട്. അതിനാല്‍ ടോസിംഗിനു പകരം ബാറ്റിംഗ് വേണോ ബൗളിംഗ് വേണോയെന്ന് സന്ദര്‍ശക ടീമിനു തീരുമാനിക്കാനുള്ള അവസരം നല്‍കണമെന്നാണ് ഉയര്‍ന്നുവന്നിരിക്കുന്ന ഒരു നിര്‍ദേശം. വെസ്റ്റ് ഇന്‍ഡീസ് താരം മൈക്കല്‍ ഹോള്‍ഡിംഗും ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് വോയുമാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിനാലാണ് ടോസ് സമ്പ്രദായം നിര്‍ത്തുന്നതിനെക്കുറിച്ച് ഐസിസി പരിശോധിക്കുന്നത്. 2016ല്‍ കൗണ്ടി ക്രിക്കറ്റ് മത്സരങ്ങളില്‍ ടോസിംഗ് ഒഴിവാക്കിയിരുന്നു. ഇന്ത്യയിലും ഈ രീതി പിന്തുടരാന്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവെങ്കിലും തീരുമാനമാകാതെ അവസാനിക്കുകയായിരുന്നു.