നെയ്മര്‍ റയലില്‍ എത്തിയാല്‍ ബാഴ്‌സയ്ക്കു തിരിച്ചടി: മെസി

neymar messi

ബാഴ്‌സലോണ: ഫുട്‌ബോള്‍ ലോകം ഏറെ ആകാംക്ഷയോടെയാണ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ റയല്‍ പ്രവേശനത്തെ നോക്കിക്കാണുന്നത്. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയില്‍ നിന്നും റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ മാറാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അതിനിടെ ഈ വിഷയത്തില്‍ പ്രതികരണവുമായി നെയ്മറിന്റെ മുന്‍ സഹതാരം ലയണല്‍ മെസി രംഗത്തെത്തി. നെയ്മര്‍ പി.എസ്.ജി വിട്ട് റയലില്‍ എത്തിയാല്‍ അത് ബാഴ്‌സലോണയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് മെസി പറഞ്ഞു. റയലിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന തീരുമാനമായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീനന്‍ മാദ്ധ്യമമായ ടി.വൈ.സി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാഴ്‌സയില്‍ നിന്നും പറ്റാവുന്ന കിരീടങ്ങള്‍ ഒക്കെ നേടിയാണ് അദ്ദേഹം ക്ലബ് വിട്ടതെന്നും മെസി വ്യക്തമാക്കി. കഴിഞ്ഞ ബാലന്‍ ഡി ഓര്‍ വേദിയില്‍ നിന്നും റയല്‍ പ്രസിഡന്റ് പെരസ് നെയ്മറെ പരസ്യമായി ക്ലബിലേക്ക് ക്ഷണിച്ചതോടെയാണ് പി.എസ്.ജി വിട്ട് താരം റയലിലേക്ക് കൂടുമാറുകയാണെന്ന അഭ്യൂഹം ശക്തമായത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറയാന്‍ നെയ്മര്‍ ഇതുവരെ തയ്യാറായിട്ടില്ല.