കര്‍ണാടകയില്‍ രാഷ്ട്രീയ ചതുരംഗക്കളി; സംസ്ഥാനം മുള്‍മുനയില്‍ സര്‍ക്കാറുണ്ടാക്കാന്‍ രണ്ടും കല്‍പ്പിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും

election

യെദിയൂരപ്പ ഇന്നു ഗവര്‍ണറെ കണ്ടു നാളെ സത്യപ്രതിജ്ഞ ചെയ്യണമെന്ന് ആവശ്യം
ഗവര്‍ണറുടെ തീരുമാനം അനുകൂലമായില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്

ബംഗളൂരു:നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനെ തുടര്‍ന്നു സര്‍ക്കാരുണ്ടാക്കാന്‍ കര്‍ണ്ണാടകയില്‍ രാഷ്ട്രീയ ചതുരംഗക്കളിയും കുതിരക്കച്ചവടവും. ഏററവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അധികാരത്തിലേറുന്നതു തടയാന്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം രൂപീകരിച്ചതോടെ കര്‍ണ്ണാടക ആര് ഭരിക്കും എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.കേവല ഭൂരിപക്ഷത്തിനു വേണ്ട 113 സീററ് എന്ന മാജിക് നമ്പര്‍ ആര് കരസ്ഥമാക്കും എന്നറിയാന്‍ രാജ്യം ഉറ്റുനോക്കുന്നു. ഇന്നു ബി.ജെ.പി ഒരു പടി കൂടി കടന്നു. സര്‍ക്കാര്‍ രൂപീകരണത്തിനു അവകാശ വാദം വീണ്ടും ആവര്‍ത്തിച്ചു. ഇതിനു മുന്നോടിയായി കര്‍ണാടക ബിജെപി അധ്യക്ഷനും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി.എസ്. യെദിയൂരപ്പ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ വാജുഭായ് വാലെയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ബിജെപി അവകാശപ്പെട്ടു. ഇന്നലെയും യെദിയൂരപ്പ ഗവര്‍ണറെ കണ്ടിരുന്നു. തന്നെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷണിച്ചാല്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗവര്‍ണര്‍ യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കുമെന്നും സൂചനകളുണ്ട്. വ്യാഴാഴ്ച യെദിയൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ ഭൂരിഭാഗം എംഎല്‍എമാര്‍ക്കും താല്‍പ്പര്യമില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ജനാധിപത്യപരമായ രീതിയിലാണ് ബിജെപി നീങ്ങുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്ന കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്. എല്ലാവരും ഉറ്റുനോക്കുന്നത് ഗവര്‍ണറുടെ തീരുമാനം തന്നെയാണ്. സര്‍ക്കാരുണ്ടാക്കുന്നതിനായി ബി.ജെ.പി നേതാവ് ബി.എസ്.യെദിയൂരപ്പയും ജനതാദള്‍ എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും അവകാശവാദം ഉന്നയിച്ചിരുന്നു. ഇവരില്‍ ആരെ ആദ്യം ഗവര്‍ണര്‍ ക്ഷണിക്കുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. അതേസമയം, സര്‍ക്കാരുണ്ടാക്കുമെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇക്കാര്യം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസ് ഒന്നുകൂടി വ്യക്തമാക്കി. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളെ അനുവദിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുന്ന കാര്യവും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിന് സാദ്ധ്യമായ എല്ലാ വഴികളും തേടുമെന്നും നിയമപരമായ കാര്യമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്നും അത് ഗവര്‍ണര്‍ അംഗീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുക തന്നെ ചെയ്യുമെന്നും കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു. അതിനിടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ജനതാദള്‍ എസ് നേതാക്കള്‍ ബംഗളൂരുവിലെ അശോകാ ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തി. ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിന് ശേഷമായിരുന്നു കൂടിക്കാഴ്ച. 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ട 113 എന്ന മാന്തികസംഖ്യയിലെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. രണ്ടും മൂന്നും സ്ഥാനം നേടിയ കോണ്‍ഗ്രസും ജനതാദളും പരസ്പരം സഹകരിക്കാന്‍ തീരുമാനിച്ചതോടെ മറ്റ് പാര്‍ട്ടികളെ കൂടെക്കൂട്ടാനും ബി.ജെ.പിക്ക് കഴിയില്ല. അതിനിടെയാണ് ലിംഗായത്തുകളായ 10 കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ബി.ജെ.പി ചര്‍ച്ചകള്‍ ആരംഭിച്ചതായി വാര്‍ത്ത പുറത്ത് വന്നത്. ഒമ്പത് ജെ.ഡി.എസ് എം.എല്‍.എമാരും മറുകണ്ടം ചാടാന്‍ തയ്യാറാണെന്നാണ് വിവരം. ഇതിന് തടയിടാന്‍ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുകയോ മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ ചെയ്യാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസും ജനതാദളും.