ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുതിയ പദ്ധതി

ellectric vehicle

ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം ശക്തമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരണത്തിനായി രൂപീകരിച്ച ഫാസ്റ്റര്‍ അഡോപ്ഷന്‍ മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) സ്‌കീമിന്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കാനാണ് തീരുമാനം. 9,381 കോടി രൂപ വകയിരുത്തുന്ന ഈ സ്‌കീമിന്റെ കാലാവധി അഞ്ചു വര്‍ഷമായിരിക്കും. പൊതുഗതാഗതം, കൊമേഴ്‌സല്‍ ഉപയോഗം, ഇരുചക്ര വിഭാഗം എന്നിവയ്ക്കായി ഈ ഫണ്ട് നിജപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഉത്പാദനം ഉയര്‍ത്തുന്നതിന് ഈ പദ്ധതി സഹായകമാകും. ഹെവി ഇന്‍ഡസ്ട്രി മന്ത്രാലയം മുന്നോട്ടുവച്ച കരടു രേഖ കാബിനറ്റ് അംഗീകരിച്ചാല്‍ നീതി ആയോഗിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പിലാക്കാനാണ് തീരുമാനം. ഫെയിം സ്‌കീമിന്റെ ആദ്യഘട്ടം ഈ വര്‍ഷം മാര്‍ച്ച് 31നാണ് അവസാനിച്ചത്. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2015ല്‍ ആവിഷ്‌കരിച്ച ഫെയിം പദ്ധതിയിലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇന്‍സെന്റീവുകള്‍ നല്കിയിരുന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് 29,000 രൂപ വരെയും കാറുകള്‍ക്ക് 1.38 ലക്ഷം രൂപ വരെയുമാണ് നല്കിയത്. ഫെയിം 2 സ്‌കീമിലൂടെ ഇലക്ട്രിക് സിറ്റി ബസുകള്‍, ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍, ഇലക്ട്രിക് ഫോര്‍ വീലര്‍ തുടങ്ങിയ ടാക്‌സി സര്‍വീസുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.