ആശുപത്രികളുടെ വികസനം ;സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം

medical college

തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ചു സര്‍ക്കാര്‍ ആശുപത്രികളുടെ സമഗ്രവികസനത്തിനായി 1759.84 കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു 717.29 കോടി രൂപയും ചിറയിന്‍കീഴ് താലൂക്കാശുപത്രിക്ക് 70.72 കോടിയും കോട്ടയം ജനറല്‍ ആശുപത്രിക്ക് 219.90 കോടിയും വയനാട് മെഡിക്കല്‍ കോളേജിന് 625.38 കോടി രൂപയും മാവേലിക്കര ജില്ലാ ആശുപത്രിക്കു 126.55 കോടി രൂപയുമാണ് കിഫ്ബി വഴി അനുവദിച്ചത്.സര്‍ക്കാര്‍ ആശുപത്രി സാധാരണക്കാരുടെ ആശ്രയമാണ്. പക്ഷേ ഈ ആതുരാലയങ്ങളില്‍ മിക്കതിന്റെയും അവസ്ഥ പരിതാപകരമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാര്യക്ഷമതയില്ലായ്മയും സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരം താഴ്ത്തുന്നു. നല്ല ഡോക്ടര്‍മാരുണ്ടെങ്കിലും ആധുനിക സംവിധാനങ്ങളില്ലാത്തതും സൗകര്യങ്ങളുടെ അപര്യാപ്തതയും സര്‍ക്കാര്‍ ആശുപത്രികളുടെ ശാപമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരും ആരോഗ്യവകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്താന്‍ കഴിയൂ. സംസ്ഥാനത്തെ അഞ്ചു സര്‍ക്കാര്‍ ആശുപത്രികളുടെ സമഗ്രവികസനം ലക്ഷ്യംവച്ച് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ പ്രശംസനീയമാണ്. മെഡിക്കല്‍ കോളേജാശുപത്രികളിലും ജില്ലാ ജനറല്‍ താലൂക്കാശുപത്രികളിലും കിഫ്ബി സഹായത്തോടെ തുക അനുവദിച്ചത് അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജുള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി മാസ്റ്റര്‍പ്ലാനും വിശദമായ പ്രോജക്ടും തയ്യാറാക്കും. ഇതു സംബന്ധിച്ച് ഇന്‍കല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി ഇതിന്റെ അടിസ്ഥാനത്തിലാണ് 1759.84 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വികസന പ്രവര്‍ത്തനങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നടക്കേണ്ട ഘട്ടമാണിത്. അവിടെ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് വികസനം, സ്‌കില്‍ ലാബ്‌സ്, മെഡിക്കല്‍ ഗ്യാസ് വിതരണ സംവിധാനം, കാംപസ് വൈഫൈ, ഇമോളജി ശക്തിപ്പെടുത്തുക എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ചിറയിന്‍ കീഴ് താലൂക്കാശുപത്രിയില്‍ കെട്ടിട പുനരുദ്ധാരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമാണ് തുക വകയിരുത്തിയത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ കെട്ടിടനിര്‍മ്മാണം, ജലവിതരണം എന്നിവയ്ക്കു തുക വിനിയോഗിക്കും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മാണമാണ് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ നടക്കുക. സര്‍ക്കാര്‍ ആശുപത്രികളുടെ വികസനം ലക്ഷ്യമിട്ട് ഇത്തരം പദ്ധതികളുടെ തുടര്‍ച്ചയുണ്ടായാല്‍ അതു സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും.