റോഡ് കേസില്‍ സിദ്ദുവിന് ആശ്വസിക്കാം, ജയിലിന് പകരം പിഴ വിധിച്ച് സുപ്രീം കോടതി

sidhu

ന്യൂഡല്‍ഹി: റോഡ് അപകട കേസില്‍ പഞ്ചാബ് ടൂറിസം മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിംഗ് സിദ്ദുവിന് ആശ്വാസം. കേസില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച പഞ്ചാബ് ഹരിയാന കോടതിയുടെ ശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി സിദ്ദുവിന് ആയിരം രൂപ പിഴ വിധിക്കുകയായിരുന്നു. കോടതി വിധി അനുകൂലമായതോടെ തന്റെ മന്ത്രി സ്ഥാനത്തിന് കോട്ടം തട്ടാതെ സിദ്ദുവിന് തുടരാം. 1988 ഡിസംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കത്തിനൊടുവില്‍ 65കാരനായ ഗുര്‍നാം സിംഗിനെ സിദ്ദുവും സുഹൃത്ത് രൂപീന്ദര്‍ സിംഗും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗുര്‍നാം സിംഗ് രക്തം വാര്‍ന്നാണ് മരിച്ചത്. വിചാരണ കോടതി വെറുതെ വിട്ടെങ്കിലും സിദ്ദുവിനെതിരെ നരഹത്യയ്ക്ക് ഹൈക്കോടതി കേസെടുക്കുകയായിരുന്നു. മൂന്ന് വര്‍ഷം തടവാണ് സിദ്ദുവിന് ഹൈക്കോടതി വിധിച്ചത്. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച സിദ്ദുവിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.