മൊബൈലിലൂടെ റെയില്‍വേ ടിക്കറ്റ്;ഇന്ന് ബോധവത്കരണം

mobile

തൃശൂര്‍: മൊബൈലിലൂടെ റെയില്‍വേ ടിക്കറ്റെടുക്കാനുള്ള സൗകര്യം എല്ലാവരെയും പഠിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷനും റെയില്‍വേയും സംയുക്തമായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി എട്ടു വരെ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഒന്നാമത്തെ പ്ലാറ്റ് ഫോമിന്റെ പ്രവേശന കവാടത്തോടു ചേര്‍ന്നാണു സഹായ കേന്ദ്രം പ്രവര്‍ത്തിക്കുക. യാത്രികര്‍ക്കു യുടിഎസ് (അണ്‍ റിസര്‍വ്ഡ് ടിക്കിറ്റിംഗ് സിസ്റ്റം) ഓണ്‍ മൊബൈല്‍ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ആപ്ലിക്കേഷന്‍ മൊബൈലിലേക്ക് ഡൗണ്‍ ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ആര്‍വാലറ്റിലേക്കു പണം നിക്ഷേപിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. ഇതു സംബന്ധിച്ചു പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിനും അവസരമുണ്ടാകം. ഇപ്പോള്‍ ആര്‍വാലറ്റില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കു ബോണസായി അഞ്ചു ശതമാനം അധിക തുക അക്കൗണ്ടില്‍ ലഭിക്കുന്നതാണ്. യാത്രക്കാരില്‍ നിന്നും പ്രതികരണങ്ങളും നിര്‍ദേശങ്ങളും ശേഖരിച്ച് ആപ്ലിക്കേഷന്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണു ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നു ചീഫ് കമേര്‍സ്യല്‍ ഇന്‍സ്‌പെക്ടര്‍ പ്രസൂണ്‍ എസ്. കുമാര്‍ പറഞ്ഞു.