കര്‍ണാടക തിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിനേറ്റ തിരിച്ചടി: കോടിയേരി

kodiyeri

തിരുവനന്തപുരം: മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചിരുന്ന കോണ്‍ഗ്രസ് മൃദുഹിന്ദുത്വത്തിലേക്ക് മാറിയതിന്റെ ദുരന്തഫലമാണ് കര്‍ണാടകത്തില്‍ അവര്‍ക്കുണ്ടായ തിരിച്ചടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫിന് കൂടുതല്‍ അനുകൂലമായ മാറ്റം ഉണ്ടാക്കുമെന്നും കോണ്‍ഗ്രസിന് ബി.ജെ.പിയെ നേരിടാന്‍ കഴിയില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യശക്തികള്‍ക്കുള്ള മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലം. ആര്‍.എസ്.എസിന്റെ തീവ്രഹിന്ദുത്വത്തെ നേരിടാനാണ് കോണ്‍ഗ്രസ് മൃദുഹിന്ദുത്വം പ്രയോഗിച്ചത്. നരേന്ദ്രമോഡി തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചപ്പോള്‍ നേരിടാന്‍ രാഹുല്‍ഗാന്ധി ക്ഷേത്രങ്ങളെല്ലാം കയറിയിറങ്ങി താനാണ് യാഥാര്‍ത്ഥ ഹിന്ദു എന്ന് പ്രചരിപ്പിക്കുകയായിരുന്നു. കര്‍ണാടകത്തിലെ രീതി തന്നെയാണ് ചെങ്ങന്നൂരിലും കോണ്‍ഗ്രസ് ചെയ്യുന്നത്. ആര്‍.എസ്.എസിന്റെ തീവ്രഹിന്ദുത്വം പ്രചരിപ്പിക്കുന്ന പി.എസ് ശ്രീധരന്‍പിള്ളയെ നേരിടാന്‍ മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന, ആര്‍.എസ്.എസിന്റെ ഒരു പോഷക സംഘടനയുമായി ബന്ധമുള്ള കോണ്‍ഗ്രസുകാരനെ സ്ഥാനാര്‍ത്ഥിയാക്കി. ദേശീയ രാഷ്ട്രീയത്തിലെ എല്ലാ സംഭവവികാസങ്ങളും ചെങ്ങന്നൂരിലും പ്രതിഫലിക്കും. ആര്‍.എസ്.എസിനെ നേരിടാന്‍ കേരളത്തിലെ ശക്തമായ സര്‍ക്കാരിനേ കഴിയൂവെന്ന് ദേശീയ തലത്തില്‍വരെ ബോധ്യപ്പെട്ടിട്ടുള്ളതാണ്. വര്‍ഗീയതയെ നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി ചെങ്ങന്നൂരിലെ ജനങ്ങള്‍ വിധിയെഴുതും” അദ്ദേഹം പറഞ്ഞു.