സ്മാര്‍ട്ട് സിറ്റി പദ്ധതി നടത്തിപ്പ് ചുമതല ഐപിഇ ഗ്ലോബലിന്

ഒന്‍പതു മാസത്തിനുള്ളില്‍ ഐപിഇ ഗ്ലോബല്‍ വിശദ പദ്ധതി രേഖ സമര്‍പ്പിക്കും

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി നടത്തിപ്പ് ചുമതല ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഇ ഗ്ലോബലിന്. കമ്പനിയുമായി നഗര സഭ കരാര്‍ ഒപ്പിട്ടു. ഒന്‍പതു മാസത്തിനുള്ളില്‍ ഐപിഇ ഗ്ലോബല്‍ വിശദ പദ്ധതി രേഖ സമര്‍പ്പിക്കും. നഗര സഭ ഏറ്റെടുത്തു ചെയ്യേണ്ട നിര്‍മ്മാണ പ്ര വര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. ടെണ്ടറില്‍ കുറഞ്ഞ തുക മുന്നോട്ട് വെച്ച വാഡിയ ഗ്രൂപ്പ് കരിമ്പട്ടികയില്‍ പെട്ടതോടെയാണ് രണ്ടാമത്തെ കുറഞ്ഞ തുക പറഞ്ഞ ഐപിഇ ഗ്ലോബലിനെ തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുത്തത്. ഒരു വര്‍ഷത്തെ കാലാവധിയുണ്ടെങ്കിലും ഒന്‍പത് മാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു.ചെറിയ പദ്ധതികള്‍ക്കാണ് ആദ്യം ഊന്നല്‍ നല്‍കുക എന്ന് സ്മാര്‍ട്ട് സിറ്റി പ്രോജക്ട് സി.ഇ.ഒ. എം. ബീന ഐ.എ.എസ്. അറിയിച്ചു. ആദ്യ നാല് മാസം കൊണ്ട് തന്നെ ചെറുകിട പദ്ധതികളുടെ രൂപരേഖ പൂര്‍ത്തിയാകുമെന്ന് ഐ.പി.ഇ ഗ്ലോബല്‍ ഡയറക്ടര്‍ അനില്‍ കുമാര്‍ ബന്‍സാലയും പറഞ്ഞു.27.16 കോടി രൂപയ്ക്കാണ് ഐ.പി.ഇ. ഗ്ലോബലിനെ കണ്‍സള്‍ട്ടന്റാക്കിയത്. മാലിന്യ നിര്‍മ്മാര്‍ജ്ജനം, മഴവെള്ള സംഭരണം, പാക്കിംഗ് സൗകര്യങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കുക. റോഡുകളുടെ നിര്‍മ്മാണം, സൈക്കിള്‍ വഴികള്‍ തുടങ്ങിയ വലിയ പദ്ധതികള്‍ പന്ത്രണ്ടാം മാസത്തില്‍ ആരംഭിക്കും. 1538 കോടിയാണ് സ്മാര്‍ട്ട് സിറ്റിക്കായി ചിലവഴിക്കുന്നത്.