കാര്‍ഷിക വനവത്കരണത്തിനുള്ള മാര്‍ഗ രേഖ രൂപീകരിക്കണം: വനംവകുപ്പ് മേധാവി

തൃശൂര്‍: സംസ്ഥാനത്ത് കാര്‍ഷിക വനവത്കരണത്തിനുള്ള മാര്‍ഗ രേഖ രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് വനംവകുപ്പ് മേധാവി പി.കെ. കേശവന്‍. വെള്ളാനിക്കര ഫോറസ്ട്രി കോളേജില്‍ ആരംഭിച്ച ദ്വിദിന കാര്‍ഷിക വനവത്കരണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക വനവത്കരണ മാതൃകകകള്‍ കേരളത്തിന് അന്യമല്ല. അടുത്തകാലത്ത് വൃക്ഷങ്ങള്‍ നല്കിവന്ന സാമ്പത്തികവും പാരിസ്ഥിതികവുമായ സേവനം ഇല്ലാതായി. കാലാവസ്ഥയിലും കാര്യമായ മാറ്റമുണ്ടായി. വൃക്ഷങ്ങളെ വളപ്പുകളിലേക്ക് തിരികെ കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. എന്നാല്‍ പഴയകാല സ്ഥിതിയല്ല എന്നതിനാല്‍ പുതിയൊരു സമീപനം ആവശ്യമാണ്. ദേശീയ കാര്‍ഷിക വന വത്ക്കരണ നയത്തെ കേരളത്തിന് അനുയോജ്യമായി എങ്ങനെ നടപ്പിലാക്കാം എന്നാണ് ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങള്‍ നഗരങ്ങളെ ഹരിതവത്ക്കരിക്കാനുള്ള തീവ്ര ശ്രമത്തിലാണെന്ന് കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. ആര്‍. ചന്ദ്രബാബു തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഗവേഷണ ഡയറക്ടര്‍ ഡോ. പി. ഇന്ദിരാദേവി, വിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ. ജിജു പി. അലക്‌സ്, പ്ലാനിംഗ് ഡയറക്ടര്‍ ഡോ. ടി. പ്രദീപ് കുമാര്‍, കാലാവസ്ഥാ വ്യതിയാന പഠന അക്കാഡമി മേധാവി ഡോ. ടി.കെ. കുഞ്ഞാമു, ഐ.സി.എ.ആര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ.കെ. ഹാന്‍ഡ എന്നിവര്‍ പ്രസംഗിച്ചു. ഫോറസ്ട്രി കോളേജ് ഡീന്‍ ഡോ. കെ. വിദ്യാസാഗരന്‍ സ്വാഗതവും ഡോ. ജമലുദ്ദീന്‍ നന്ദിയും പറഞ്ഞു. ഇന്‍ഡ്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും സഹായത്തോടെ കേരള കാര്‍ഷിക സര്‍വകലാശാല സംഘടിപ്പിക്കുന്ന ശില്‍പ്പശാല കേരളത്തില്‍ ദേശീയ കാര്‍ഷിക വന വത്കരണ നയം നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്കും.