ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ സര്‍ക്കാര്‍

hospital

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒപി ബഹിഷ്‌കരിച്ച് സമരം നടത്തുന്ന ഡോക്ടര്‍മാരുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയാറല്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സമരം ശക്തമായി നേരിടാന്‍ തീരുമാനിച്ചത്. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയോട് മന്ത്രിസഭ കൂട്ടായി ആവശ്യപ്പെട്ടു. സമരം നേരിടാന്‍ ജനകീയ ഇടപെടലിനും സര്‍ക്കാര്‍ ശ്രമം തുടങ്ങി. എസ്മ പ്രയോഗിക്കാതെ തന്നെ സമരം നേരിടാനാണ് മന്ത്രിസഭ തീരുമാനിച്ചത്. വേണ്ടി വന്നാല്‍ പോലീസിന്റെ സഹായവും സമരം നേരിടുന്നതിന് ആരോഗ്യവകുപ്പ് തേടും. അതേസമയം സമരം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ അത്യാഹിത വിഭാഗവും ബഹിഷ്‌കരിച്ച് സമര രംഗത്തിനിറങ്ങാനാണ് ഡോക്ടര്‍മാരുടെ ആരോപണം. സര്‍ക്കാരിന്റെ ഭീഷണിക്ക് വഴിങ്ങില്ലെന്നും പിടിവാശി ഉപേക്ഷിച്ച് സര്‍ക്കാര്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. ആര്‍ദ്രം പദ്ധതിക്കോ വൈകുന്നേരം ഒപി തുടങ്ങുന്നതിനോ എതിരല്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിക്കണം എന്നതാണ് ആവശ്യം. കിടത്തി ചികിത്സ ഘട്ടം ഘട്ടമായി നിര്‍ത്തിവയ്ക്കാനും ഡോക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്. പ്രതികാര നടപടിയായി ഏതെങ്കിലും ഡോക്ടര്‍ക്കു സര്‍ക്കാര്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയാല്‍ സര്‍വീസിലുള്ള മുഴുവന്‍ കെജിഎംഒഎ അംഗങ്ങളും രാജി സമര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെക്കുറിച്ചു ഇന്ന് തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും.