സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ വടക്കന്‍ ജില്ലകള്‍ നിശ്ചലം

harthal

കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഹര്‍ത്താലിന്റെ പേരില്‍ വടക്കന്‍ ജില്ലകള്‍ നിശ്ചലമായി. മലപ്പുറം, കണ്ണൂര്‍ ജില്ലകളെയാണ് ഹര്‍ത്താല്‍ വലിയ തോതില്‍ ബാധിച്ചത്. ആരുടെയും പേര് വയ്ക്കാതെ പ്രചരിച്ച ഹര്‍ത്താല്‍ സന്ദേശമായിരുന്നതിനാല്‍ രാവിലെ മുതല്‍ തന്നെ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും പതിവ് പോലെ കടകള്‍ തുറക്കുകയും ചെയ്തു. എന്നാല്‍ ഒന്‍പതോടെ വടക്കന്‍ ജില്ലകളില്‍ സമരക്കാര്‍ തെരുവിലിറങ്ങി. ജമ്മു കാഷ്മീരില്‍ മരിച്ച ഒന്‍പത് വയസുകാരിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രഖ്യാപിച്ച ജനകീയ ഹര്‍ത്താലാണെന്ന് പ്രഖ്യാപനത്തോടെയാണ് സമരക്കാര്‍ തെരുവുകള്‍ കീഴടക്കിയത്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ വാഹനങ്ങള്‍ തടഞ്ഞതോടെ ആളുകള്‍ പെരുവഴിയിലായി. പലയിടത്തും ബലമായി കടകളടപ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത ഹര്‍ത്താലായതിനാല്‍ പോലീസിനോ ഇന്റലിജന്‍സിനോ ഒരു നീക്കവും മനസിലായിരുന്നില്ല. പോലീസ് തെരുവുകളില്‍ ഇല്ലാതിരുന്നതിനാല്‍ സമരക്കാര്‍ അക്ഷരാര്‍ഥത്തില്‍ ജനജീവിതം സ്തംഭിപ്പിച്ച അവസ്ഥയായിരുന്നു മലബാര്‍ മേഖലയില്‍. എന്നാല്‍ വ്യാപകമായി വാഹനങ്ങള്‍ തടഞ്ഞതോടെ പോലീസ് നിരത്തിലിറങ്ങി. കോഴിക്കോട്ട് വാഹനങ്ങള്‍ തടയാന്‍ ശ്രമിക്കുകയും കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്ത എട്ട് പേരെ കസ്റ്റഡിയിലെടുത്തു. താമരശേരി, മുക്കം, കൊയിലാണ്ടി എന്നിവടങ്ങളിലാണ് സമരക്കാര്‍ തെരുവ് കീഴടക്കിയത്. താമരശേരി അടിവാരത്ത് വാഹനങ്ങള്‍ തടഞ്ഞിട്ടതോടെ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടന്ന ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പടെ റോഡില്‍ കുടുങ്ങി. ചിലയിടത്ത് വാഹനങ്ങള്‍ തടഞ്ഞതിന് പുറമേ ടയറുകള്‍ റോഡിലിട്ട് കത്തിച്ചും തടസങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമമുണ്ടായി. മലപ്പുറത്ത് സ്വകാര്യ ബസുടമകളെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയതായും പരാതികള്‍ ഉയരുന്നുണ്ട്. റോഡിലിറങ്ങിയാല്‍ ബസുകള്‍ കത്തിക്കുമെന്ന ഭീഷണി ഭയന്ന് സ്വകാര്യ ബസുകള്‍ ഒന്നും ഓടിയില്ല. വാഹനങ്ങള്‍ വ്യാപകമായി തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തതോടെ മലപ്പുറം അക്ഷരാര്‍ഥത്തില്‍ ഹര്‍ത്താല്‍ ജില്ല പോലെയായി.സിറ്റി സര്‍വീസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് കണ്ണൂരില്‍ ഓടിയത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നതോടെ നഗരങ്ങള്‍ ഹര്‍ത്താലിന് സമാനമായി. ദീര്‍ഘദൂര ബസുകള്‍ തടഞ്ഞതോടെ യാത്രക്കാര്‍ തെരുവിലായി. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുകയായിരുന്നു. കാസര്‍ഗോട്ടും പലയിടത്തും അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ ജനങ്ങളെ വലച്ചു.