നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

airport

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 17.13 ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഞായറാഴ്ച ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നും വന്ന മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.പുലര്‍ച്ചെ എയര്‍ ഇന്ത്യ വിമാനത്തില്‍ ജിദ്ദയില്‍നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും അഞ്ചര ലക്ഷത്തിലധികം രൂപ വില വരുന്ന 199.800 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയാണ് പിടികൂടിയത്. ധരിച്ചിരുന്ന വസ്ത്രത്തിനകത്താണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. റിയാദില്‍ നിന്നും ഞായറാഴ്ച ഉച്ചകഴിഞ്ഞ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും 402.100 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 11.5 ലക്ഷം രൂപ വില വരും. മാല, കമ്മല്‍, വള, മോതിരം തുടങ്ങിയ ആഭരണങ്ങളാണ് ഇയാളില്‍ നിന്നും പിടികൂടിയത്.