ജിഗ്‌നേഷ് മേവാനിയെ വിമാനത്താവളത്തില്‍ തടഞ്ഞു

Gujarat Rashtriya Dalit Adhikar Manch leader Jignesh Mevani addressing a press conference in New Delhi on wednesday.
Express photo by Renuka Puri

ജയ്പൂര്‍: രാജസ്ഥാനില്‍ റാലി സംഘടിപ്പിക്കാനെത്തിയ ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞു. റാലി നിശ്ചയിച്ചിരുന്ന നാഗോറിലേക്ക് പോകുന്നതിന് മേവാനിക്ക് ജില്ലാ ഭരണകൂടം പ്രവേശനം നിഷേധിച്ചതാണ് അദ്ദേഹത്തെ വിമാനത്താവളത്തില്‍ തടയാന്‍ കാരണമെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യന്‍ ഭരണഘടനയേയും ബാബാ സാഹബ് അംബേദ്കറിനെയും കുറിച്ചുമായിരുന്നു റാലിയില്‍ മേവാനി സംസാരിക്കാനിരുന്നത്. വിമാനത്താവളത്തില്‍ തടഞ്ഞ കാര്യം മേവാനി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നാഗോര്‍ ജില്ലയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്ന ഉത്തരവില്‍ പൊലീസ് നിര്‍ബന്ധിച്ച് ഒപ്പുവയ്പിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്നെ ജയ്പൂരില്‍ പോലും യാത്ര ചെയ്യാന്‍ പൊലീസ് അനുവദിച്ചില്ലെന്നും അഹമ്മദാബാദിലേക്ക് മടങ്ങിപ്പോകാന്‍ നിര്‍ബന്ധിച്ചുവെന്നും മറ്റൊരു ട്വീറ്റിലൂടെ മേവാനി പറഞ്ഞു. വാര്‍ത്താസമ്മേളനം വിളിക്കാനും അനുവദിച്ചില്ലെന്നും മേവാനി പരാതിപ്പെട്ടു. അതേസമയം, ഭാരത് ബന്തിനെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് യോഗങ്ങള്‍ക്ക് അനുമതി നല്‍കാത്തതെന്ന് പൊലീസ് പറഞ്ഞു.