നവാസ് ഷരീഫിനെതിരായ കേസുകള്‍ പരിഗണിക്കുന്ന സുപ്രീം കോടതി ജഡ്ജിയുടെ വീടിന് നേരെ ആക്രമണം

nawaz sharif

ലാഹോര്‍: നവാസ് ഷരീഫിനെ പാക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ അയോഗ്യത കല്‍പ്പിച്ച സുപ്രീംകോടതി ബഞ്ചില്‍ ഉള്‍പ്പെട്ട ജഡ്ജിയുടെ വസതിക്ക് നേരെ ആക്രമണം. ജസ്റ്റിസ് ഇജാസ് ഉല്‍ അഹ്‌സാന്റെ വസതിക്കു നേരെ ഞായറാഴ്ച രാവിലെ 4.30 നും ഒമ്പതിനും ഇടയില്‍ വെടിവയ്പുണ്ടായി. ഷരീഫിനും മക്കള്‍ക്കും മരുമകനും എതിരായ അഴിമതി കേസുകള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നതും അദ്ദേഹമാണ്. ചീഫ് ജസ്റ്റിസ് മിയാന്‍ സക്കീബ് നിസാര്‍ ജഡ്ജിയുടെ വസതി സന്ദര്‍ശിച്ചു. ഫോറന്‍സിക് വിദഗ്ദ്ധര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് അഹ്‌സാന്റെ വസതിക്ക് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി. പാനമ രേഖകളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ ജൂലൈയില്‍ സുപ്രീംകോടതി നവാസ് ഷരീഫിന് അയോഗ്യത കല്പിക്കുകയും തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രിപദം രാജിവയ്ക്കുകയും ചെയ്തിരുന്നു.