ഉപഭോക്തൃ ഫോറത്തിലെ ഒഴിവ് നികത്തും മന്ത്രി തിലോത്തമന്‍

P.Thilothaman

തൊടുപുഴ: ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നു മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ജില്ലാ ഉപഭോക്തൃ വിജിലന്‍സ് ഫോറത്തിന്റെ രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 10 ജില്ലകളില്‍ ഇ പോസ് റേഷന്‍ വിതരണ സംവിധാനം ഏര്‍പ്പെടുത്തികഴിഞ്ഞെന്നും മറ്റ് നാല് ജില്ലകളില്‍ ഉടന്‍ നപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പി.ജെ. ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സാധനങ്ങളുടെ ഗുണമേന്‍മ നിലനിര്‍ത്തുന്നതില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ പങ്ക് സംബന്ധിച്ച പ്രദര്‍ശനവും രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ആരോഗ്യ രംഗത്തെ ഉപഭോക്തൃ ചൂഷണം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ബെന്നി ജോസഫ് വിഷയാവതരണം നടത്തി. ബിസ് അധ്യക്ഷന്‍ കെ. കതിര്‍വേല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ. കോയാന്‍, വോട്ടേഴ്‌സ് അലയന്‍സ് പ്രസിഡന്റ് ജോണ്‍ ജോസഫ്, ബിസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹേമലത പണിക്കര്‍, വിജിലന്‍സ് ഫോറം പ്രസിഡന്റ് എം.എന്‍. മനോഹര്‍ , സെക്രട്ടറി സെബാസ്റ്റ്യന്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.