ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഇല്ലാതാകും, പകരം ഓഡിറ്റ് കമ്മീഷന്‍ വരും

തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പില്‍ ഏകീകരണം നടപ്പാക്കുന്നതോടെ നിലവിലെ ഓഡിറ്റ് സംവിധാനമായ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഇല്ലാതാകും. ഇതിനു പകരം ഓഡിറ്റ് കമ്മീഷന്‍ കൊണ്ടുവരും. ഇതിനു കേരള ലോക്കല്‍ ഓഡിറ്റ് നിയമത്തില്‍ ഭേദഗതി വരുത്തണം. ചെയര്‍മാനും മൂന്ന് അംഗങ്ങള്‍ വരെയുമാണ് ഓഡിറ്റ് കമ്മീഷനിലുണ്ടാവുക. നിലവില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗമാണ് പ്രധാനമായും തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കണക്ക് പരിശോധിക്കുന്നത്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിലുള്ള ജീവനക്കാരെ ഓഡിറ്റ് കമ്മീഷനില്‍ പുനര്‍വിന്യസിക്കുന്നതും പരിഗണനയിലാണ്. ഇതിനു പുറമേ നിലവിലുള്ള നഗരകാര്യ ഡയറക്ടറുടെ കീഴില്‍ കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇപ്പോഴുള്ള മേഖലാ ഓഫീസുകള്‍ ഇല്ലാതാകും. പകരം ഏകീകൃത തദ്ദേശഭരണ ജില്ല ഓഫീസുകള്‍ ഈ ചുമതലകള്‍ വഹിക്കും. മേഖലാ ഓഫീസുകള്‍ ഇപ്പോള്‍ വഹിക്കുന്ന ചുമതലകള്‍ ജോയിന്റ് ഡയറക്ടറുടെ തസ്തികയിലുള്ള ജില്ലാതല ഓഫീസര്‍ക്കു കൈമാറും. നിലവില്‍ ജില്ല പഞ്ചായത്തുകള്‍ക്ക് ഡയറക്ടറേറ്റിന്റെ സേവനം ലഭിക്കുന്നില്ല. ഏകീകൃതവകുപ്പ് വരുന്നതോടെ ഈ പ്രശ്‌നത്തിനും പരിഹാരമാകും.പഞ്ചായത്തുകളെയും നഗരസഭകളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരും. ഇവയ്‌ക്കെല്ലാം പ്രത്യേകം ഡയറക്ടര്‍മാരാണുള്ളത്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് റൂറല്‍ ഡെവലപ്‌മെന്റ് കമ്മീഷണറുമാണുള്ളത്. ജില്ല പഞ്ചായത്തുകളുടെ കാര്യനിര്‍വഹണം സെക്രട്ടേറിയറ്റിലാണ് നടക്കുന്നത്. ഏകീകരണത്തോടെ ഇവയെല്ലാം ഒരു ഡയറക്ടറേറ്റിനു കീഴിലാകും. ജില്ല പഞ്ചായത്ത് സെക്രട്ടറിമാരെ ഇപ്പോള്‍ നിയമിക്കുന്നത് സെക്രട്ടേറിയറ്റില്‍ നിന്നു ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ്. ഇനി മുതല്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തിക സ്ഥാനക്കയറ്റം അടിസ്ഥാനത്തിലാകും. എല്ലാ തസ്തികകളിലും പരിശീലനം നിര്‍ബന്ധമാക്കും. സ്ഥാനക്കയറ്റത്തിനും പരിശീലനമുണ്ടാകും. നിലവിലുള്ള ജീവനക്കാര്‍ക്കും പരിശീലനം നിര്‍ബന്ധമാക്കും.