ജോലി സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് മരിച്ച സംഭവം; ഭാര്യക്ക് സമാശ്വാസം നല്‍കുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം : ബിവറേജസ് കോര്‍പ്പറേഷനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന കാലയളവില്‍ മരിച്ചയാളുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉത്തരവില്‍ ഇളവ് നല്‍കി സമാശ്വാസം നല്‍കാന്‍ കഴിയുമോയെന്ന് എക്‌സൈസ് സെക്രട്ടറി പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. 2001 മുതല്‍ 2010 വരെ കോര്‍പ്പറേഷനില്‍ ജോലി ചെയ്ത അടൂര്‍ ഇളമണ്ണൂര്‍ ലക്ഷ്മി ഭവനത്തില്‍ വി. വിനോദിന്റെ ഭാര്യ പട്ടാഴി കന്നിമേല്‍ നിഷ എസ്. നായര്‍ക്ക് സമാശ്വാസം നല്‍കുന്ന കാര്യം പരിഗണിക്കാനാണ് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.ബിവറേജസ് കോര്‍പ്പറേഷനില്‍ ജീവനക്കാരനായിരിക്കെ വിനോദിന് ക്ഷേമനിധിയില്‍ അംഗത്വം അനുവദിച്ചിരുന്നു. വിനോദിനൊപ്പം ക്ഷേമനിധി അംഗത്വം ഉണ്ട ായിരുന്ന 676 ദിവസവേതനക്കാരെയും കോര്‍പ്പറേഷന്‍ സ്ഥിരപ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കി. തനിക്ക് സമാനമായ രീതിയില്‍ നിയമനം നല്‍കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. കോര്‍പ്പറേഷനില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍ക്ക് സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേമനിധി അംഗത്വം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ നിയമപ്രകാരം സമാശ്വാസ തൊഴില്‍ ദാന പദ്ധതി സ്ഥിരം ജീവനകാര്‍ക്ക് മാത്രമാണ് ബാധകമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ഫെബ്രുവരി 24 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് വിനോദിനൊപ്പം ജോലി ചെയ്തിരുന്ന ക്ഷേമനിധി അംഗത്വമുള്ളവര്‍ക്ക് സ്ഥിരം നിയമനം നല്‍കിയതെന്ന് കമ്മീഷന്‍ ചൂണ്ട ികാണിച്ചു.ഭര്‍ത്താവിന്റെ മരണശേഷം 13 വയസായ മകളെ പോറ്റുന്നതിന് മറ്റ് മാര്‍ഗങ്ങളില്ലെന്ന പരാതിക്കാരിയുടെ സങ്കടം മാനുഷികപരിഗണനയര്‍ഹിക്കുന്നതായി കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ചൂണ്ടികാണിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവിന് കൂടി ലഭിക്കേണ്ട ിയിരുന്ന സ്ഥിരം നിയമനമാണ് അദ്ദേഹത്തിന്റെ മരണം കാരണം പരാതിക്കാരിക്കും മകള്‍ക്കും അനുഭവിക്കാന്‍ കഴിയാതെ പോയതെന്നും കമ്മീഷന്‍ ചൂണ്ടികാണിച്ചു.2011 ഫെബ്രുവരി 24 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇതരജീവനകാര്‍ക്ക് ലഭിച്ച പരിഗണന വിനോദിന്റെ ആശ്രിതക്കും ലഭിക്കണമെന്ന ആവശ്യം കോര്‍പ്പറേഷന്‍ വിശദമായി വിലയിരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരും എക്‌സൈസ് വകുപ്പ് സെക്രട്ടറിയും കമ്മീഷണറും പരിശോധിച്ച് നടപടിയെടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.