ധോണിക്കും രക്ഷിക്കാനായില്ല ചെന്നൈയെ, പഞ്ചാബിന് നാല് റണ്‍ ജയം

ചണ്ഡീഗഡ്: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആവേശകരമായ ജയം. അവസാന പന്തുവരെ ആവേശം മുറ്റിനിന്ന മത്സരത്തില്‍ നാല് റണ്ണിനായിരുന്നു പഞ്ചാബിന്റെ ത്രസിപ്പിക്കുന്ന വിജയം. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 44 പന്തില്‍ ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറുകളും അടക്കം 79 റണ്‍സുമായി ധോണി പുറത്താകാതെ നിന്നെങ്കിലും വിജയം മാത്രം അകന്നുനിന്നു. മോഹിത് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈയ്ക്ക് വിജയിക്കാന്‍ 17 റണ്‍സ് വേണ്ടിയിരുന്നെങ്കിലും അവസാന പന്തില്‍ ധോണിയുടെ സിക്‌സറടക്കം 12 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഈ സീസണില്‍ ചെന്നൈയുടെ ആദ്യ തോല്‍വിയാണിത്. പഞ്ചാബിന്റെ രണ്ടാം ജയമാണിത്. ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ 17ല്‍ നില്‍ക്കെ ഒന്പത് പന്തില്‍ രണ്ട് ബൗണ്ടറികളോടെ 11 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സനെ മോഹിത് ശര്‍മ പുറത്താക്കി. പിന്നാലെ മുരളി വിജയും മടങ്ങി. 10 പന്തില്‍ ഒരു സിക്‌സുള്‍പ്പെടെ 12 റണ്‍സായിരുന്നു വിജയുടെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച സാം ബില്ലിംഗ്‌സ് കാര്യമായ സംഭാവനയില്ലാതെ മടങ്ങി. ഇതോടെ 6.4 ഓവറില്‍ മൂന്നു വിക്കറ്റിന് 56 റണ്‍സ് എന്ന നിലയിലായി ചെന്നൈ. നാലാം വിക്കറ്റില്‍ ഒരുമിച്ച അമ്പാട്ടി റായിഡു ധോണി സഖ്യം ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. നാലാം വിക്കറ്റില്‍ അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ഇരുവരും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ടീം സ്‌കോര്‍ 113ല്‍ നില്‍ക്കെ റായിഡു റണ്ണൗട്ടായി. 35 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 49 റണ്‍സെടുത്ത റായിഡുവിനെ അശ്വിനാണ് പുറത്താക്കിയത്. തുടര്‍ന്ന് രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് അഞ്ചാം വിക്കറ്റില്‍ ധോണി 50 റണ്‍സ് ചേര്‍ത്തു. 13 പന്തില്‍ ഒരു ബൗണ്ടറിയും സിക്‌സറും പായിച്ച് 19 റണ്‍സെടുത്ത ജഡേജ 19ആം ഓവറില്‍ പുറത്തായി. തുടര്‍ന്നെത്തിയ ബ്രാവോ രക്ഷകനാകുമെന്ന് കരുതിയെങ്കിലും ഫലമുണ്ടായില്ല. സമ്മര്‍ദ്ദമില്ലാതെ പന്തെറിഞ്ഞ മോഹിത് ശര്‍മയാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. പഞ്ചാബിനായി ടൈ രണ്ടും മോഹിത് ശര്‍മ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.നേരത്തെ, ക്രിസ് ഗെയ്‌ലിന്റെ ഉഗ്രന്‍ ബാറ്റിംഗിലായിരുന്നു പഞ്ചാബിന്റെ കുതിപ്പ്, സീസണില്‍ ആദ്യമായി കളിക്കാനിറങ്ങിയ ക്രിസ് ഗെയില്‍ 33 പന്തില്‍ ഏഴ് ബൗണ്ടറിയും നാലു സിക്‌സറും അടക്കം 63 റണ്‍സെടുത്തു. ആദ്യ വിക്കറ്റില്‍ ഗെയില്‍ ലോകേഷ് രാഹുല്‍ സഖ്യം 97 റണ്‍സ് ചേര്‍ത്തപ്പോള്‍ പഞ്ചാബ് കൂറ്റന്‍ സ്‌കോറിലെത്തുമെന്ന് തോന്നിച്ചതാണ്. എന്നാല്‍, അവസാന ഓവറുകളിലെ റണ്‍ വഴങ്ങാതെ ചെന്നൈ ബൗളര്‍മാര്‍ അവരെ തളയ്ക്കുകയായിരുന്നു. 22 പന്തില്‍ ഏഴ് ബൗണ്ടറികളോടെ 37 റണ്‍സായിരുന്നു രാഹുലിന്റെ സംഭാവന.