വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക്  തുല്യാവസരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഡിജിപി 

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളില്‍ ജോലിക്കു നിയോഗിക്കുന്ന വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുരുഷന്‍മാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നല്കുന്ന എല്ലാ ഔദ്യോഗിക ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാനുള്ള അവസരം നല്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി.
നിരവധി വനിതാപോലീസ് ഉദ്യോഗസ്ഥരെ പരിശീലനം പൂര്‍ത്തിയാക്കി ബറ്റാലിയനുകളില്‍ നിന്ന് പുതുതായി പോലീസ് സ്റ്റേഷനുകളിലും ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ സെന്ററുകളിലും മറ്റ് പോലീസ് സഹായകേന്ദ്രങ്ങളിലും നിയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ എത്തുന്ന വനിത ഉദ്യോഗസ്ഥര്‍ക്ക് പല പോലീസ് സ്റ്റേഷനുകളിലും ഓഫീസ് ജോലികള്‍ മാത്രം നല്കുന്ന പ്രവണത കാണുന്നുണ്ട്. വനിതകളായ നിരവധി സിപിഒമാര്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും നേടിയവരാണ്. അവരെ ഇത്തരത്തില്‍ പരിമിതപ്പെടുത്താതെ പോലീസുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിലും പരിശീലനം നല്‌കേണ്ടത് വകുപ്പിന്റെ ഉത്തരവാദിത്തമാണ്. അത്തരത്തില്‍ മികച്ച പോലീസുദ്യോഗസ്ഥരായി അവരെ വാര്‍ത്തെടുക്കുന്നത് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സഹായകരമാകും. ഇക്കാര്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാനപോലീസ് മേധാവി നിര്‍ദേശിച്ചു. ടൂറിസം പോലീസിലേക്ക് നിയോഗിക്കപ്പെടുന്ന വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലീസ് മേധാവിമാരുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ പരിശീലനം നല്കുന്നതിനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്കി.