പോലീസ് ബഹുമതി ‘ബാഡ്ജ് ഓഫ് ഓണര്‍’അഞ്ചെണ്ണം കൂടി

kpc

കോഴിക്കോട്: ജോലിയിലെ മികവിനും മികച്ച കുറ്റാന്വേഷണത്തിനും കേരള പോലീസില്‍ നല്‍കിവരുന്ന സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ഇരുനൂറില്‍ നിന്ന് 205 ആക്കി ഉത്തരവായി. കുറ്റാന്വേഷണരംഗത്ത് മികവ് പുലര്‍ത്തുന്നവര്‍ക്കായി നല്‍കി വന്നിരുന്ന ഈ ബഹുമതി അടുത്തിടെ പോലീസിലെ മറ്റുവിഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് എപി ബറ്റാലിയനുകള്‍ക്കായി( ആംഡ് പോലീസ് ബറ്റാലിയന്‍) അഞ്ച് ബാഡ്ജ് ഓഫ് ഓണര്‍ നീക്കിവച്ച് ഡിജിപി ഉത്തരവായത്.
കുറ്റാന്വേഷണം, ക്രമസമാധാനപാലനം, ഇന്റലിജന്‍സ്, ഗതാഗത നിയന്ത്രണം, പരിശീലനം,ടെലികമ്യൂണിക്കേഷന്‍, കമ്യൂണിറ്റി പോലീസിംഗ്, സ്ത്രീസുരക്ഷ, ലഹരിവസ്തുക്കളുടെ ഉപയോഗം തടയല്‍, സൈബര്‍ ക്രൈം, ഫോട്ടോഗ്രഫി, ഫോറന്‍സിക്‌സയന്‍സ്, വിവര വിനിമയവും മറ്റ് പൊതുകാര്യങ്ങളും, എപി തുടങ്ങി വിവിധ മേഖലകള്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍ ലഭിക്കുക.
കുറ്റാന്വേഷണം, രഹസ്യന്വേഷണം 100, ഇന്റലിജന്‍സ് വിഭാഗം 25, ട്രാഫിക് പോലീസ് 15, പരിശീലന വിഭാഗം10, ടെലികമ്യൂണിക്കേഷന്‍10, കാണാതെപോകുന്നവരെ കണ്ടെത്തല്‍10, ക്രമസമാധാനപാലനം 10, ജനമൈത്രി, എസ്പിസി, നാര്‍ക്കോട്ടിക്, സൈബര്‍ ക്രൈം, സ്ത്രീ സുരക്ഷ, തുടങ്ങി സാമൂഹ്യ പോലീസിംഗ്10, തീരദേശ പോലീസ്, ഫോറന്‍സിക്, ഡോഗ് സ്‌ക്വാഡ്, റെയില്‍വേ, ഫോട്ടോഗ്രാഫര്‍, ടൂറിസം പോലീസ് തുടങ്ങി ഇതര വിഭാഗം 10, സായുധസേനാ വിഭാഗം5. ഓരോ വര്‍ഷവും മേയ് 30നും, കേരളപിറവി ദിനമായ നവംബര്‍ ഒന്നിനും തിരുവനന്തപുരം പോലീസ് ആസ്ഥാനത്തു നടക്കുന്ന സെറിമോണിയല്‍ പരേഡിലാണു ഡിജിപി സേനാംഗങ്ങളെ ബാഡ്ജ് ഓഫ് ഓണര്‍ ധരിപ്പിക്കുക. ഡിവൈഎസ്പി വരെ റാങ്കിലുള്ളവര്‍ക്ക് ലഭിക്കുന്ന ഈ ബഹുമതി യൂണിഫോമിനൊപ്പം അണിയാന്‍ അനുമതിയുണ്ട്.