കോഴിക്കോട് നഗരത്തില്‍ ഹൈടെക് ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നു

കോഴിക്കോട്: നഗരത്തില്‍ സെന്‍സര്‍ ഉപയോഗിച്ചുള്ള ഹൈടെക് ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നു. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സംസ്ഥാന ശുചിത്വ മിഷന് കോര്‍പറേഷന്‍ സമര്‍പ്പിച്ചു.
നഗരത്തില്‍ ഒമ്പത് സ്ഥലങ്ങളിലായി 89 ടോയ്‌ലറ്റുകളാണ് സ്ഥാപിക്കുന്നത്. മൊത്തം 86 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവിടുന്നത്. സ്വഛ് ഭാരത് മിഷനും സംസ്ഥാന ശുചിത്വ മിഷനുമാണ് പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കുക. ഒമ്പത് ടോയ്‌ല്റ്റ് കോംപ്ലക്‌സിനുള്ളിലാണ് ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുക. ബീച്ച് ഭട്ട് റോഡ് പാര്‍ക്ക്, കാമ്പുറം, എന്‍എച്ച് ബൈപാസ് റോഡ്, വെങ്ങേരി ട്രാഫിക് ജംഗ്ഷന്‍, പാവങ്ങാട് ബസ് സ്റ്റോപ്പിന് സമീപം, സൗത്ത് ബീച്ചിലെ ലോറി സ്റ്റാന്‍ഡിനു സമീപം, ബീച്ച് ലയണ്‍സ് പാര്‍ക്ക്, എലത്തൂര്‍ ബസ്സ്റ്റാന്‍ഡ്, സ്റ്റേഡിയം കോര്‍ണര്‍, സിറ്റി ബസ് സ്റ്റാന്‍ഡിന് മുന്‍വശം എന്നിടങ്ങളിലായാണ് ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍ വരുന്നത്.
ഓരോ കോംപ്ലക്‌സുകളില്‍ 10 ടോയ്‌ലറ്റുകള്‍ വരെ ഉണ്ടാകും. വൃത്തിയാക്കാന്‍ ആളുകളെയും നിയമിക്കും. ടോയ്‌ലറ്റ് കോപ്ലക്‌സുകള്‍ നിര്‍മിക്കാന്‍ 35 ശതമാനം തുക കേന്ദ്രസര്‍ക്കാരും 30 ശതമാനം തുക കേരള സര്‍ക്കാരുമാണ് നല്‍കുന്നത്. 28 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പണി പൂര്‍ത്തിയായതിന് ശേഷം കോംപ്ലക്‌സിനോട് അനുബന്ധിച്ച് പാര്‍ക്കിംഗ് പോലെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമോ എന്ന് അധികൃതര്‍ തീരുമാനിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ടോയ്‌ലറ്റ് സംവിധാനമുണ്ട്.