എല്ലാ പൊലീസ് സ്റ്റേഷനിലും സൈബര്‍ വിംഗ് ആരംഭിക്കും : ബെഹ്‌റ

DGP

കോട്ടയം: അടുത്ത മാസം മുതല്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൈബര്‍ വിംഗ് ആരംഭിക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ സംസ്ഥാനത്ത് ഒരു സൈബര്‍ സ്റ്റേഷന്‍ മാത്രമാണുള്ളത്. മറ്റിടങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ ബുദ്ധിമുട്ടു നേരിടുന്നു. ഈ സാഹചര്യത്തില്‍ പരിശീലനം നല്‍കിയ മൂന്നു ഉദ്യോഗസ്ഥരെ സൈബര്‍ വിഭാഗത്തിനായി നിയോഗിക്കും. മൂന്നു വര്‍ഷത്തേയ്ക്ക് ഇവരെ സ്ഥലം മാറ്റില്ല. സുപ്രീം കോടതിവരെ പോകേണ്ടിവന്നാലും ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2014 ല്‍ എസ്.ഐ ആയി കയറിയ പൊലീസ് ഉദ്യോഗസ്ഥരില്‍ പലരും ഇപ്പോഴും അങ്ങിനെ തുടരുകയാണ്. ഇത് ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു.