തീപ്പാറും വേനല്‍; കുടിവെള്ള ക്ഷാമം നേരിടാന്‍ ഫലപ്രദമായ നടപടികള്‍ വേണം

WATER_

തീപാറുന്ന വേനല്‍ചൂട് എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ അനുഭവത്തില്‍ വരുന്ന അവസ്ഥയിലേക്കാണ് കേരളം പോകുന്നത്. വേനല്‍ക്കാലത്തിന്റെ തുടക്കമായിട്ടുപോലും ചുട്ട് പൊള്ളുകയാണ് പലയിടത്തും. വരും മാസങ്ങളില്‍ ഇനിയും താപനില ഉയരാനിരിക്കെ പതിവ് നിസ്സംഗത നാം വെടിഞ്ഞിട്ടില്ല. കാലവര്‍ഷത്തിനു പിന്നാലെ തുലാവര്‍ഷവും വേണ്ടത്ര മഴ നല്‍കാത്തതിനാല്‍ ജലക്ഷാമം രൂക്ഷമാവുമെന്നതിന് ഒരു സംശയവുമില്ല.വേനലിന്റെ തുടക്കത്തില്‍ തന്നെ പലയിടത്തും കുടിവെള്ള ക്ഷാമം നേരിടാന്‍ തുടങ്ങിയിട്ടുണ്ട്. മഴയുടെ ഗണ്യമായ കുറവ് കാരണം അണക്കെട്ടുകളില ജല നിരപ്പില്‍ കാര്യമായ ഉന്നതിയൊന്നുമില്ല. അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിനൊപ്പം വമ്പിച്ച കൃഷിനാശവും ഉണ്ടാവും. മലയോര പ്രദേശങ്ങളില്‍ പോലും ജീവിതം ദുസ്സഹമായ തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കേരളത്തിലെ ജല സംഭരണികളില്‍ എല്ലാം തന്നെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴ്ന്ന ജലനിരപ്പാണ് ഇപ്പോഴുള്ളത്. കേരളീയരുടെ ശരാശരി ജലഉപയോഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കൂടുതല്‍ ലഭിച്ചിരുന്ന മഴയാണ് ഇതിന് കാരണം. എന്നാല്‍ വനനശീകരണവും തണ്ണീര്‍തടങ്ങളുടെ നാശവും അശാസ്ത്രീയമായ രീതിയില്‍ മലകളുടെ ഇടിച്ച് നിരത്തലുമെല്ലാം ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദുര്‍ബലമായ മഴയാണ് നമുക്ക് നല്‍കിയത്. വേണ്ട രീതിയില്‍ ലഭ്യമായ മഴ ഉപയോഗ്യമാക്കാത്തതിനാലും ജലക്ഷാമം ആക്കം കൂട്ടുന്നു. വേനല്‍ ശക്തമായതോടെ മലയോര മേഖലകള്‍ കാട്ടുതീ ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം തേനിയില്‍ സംഭവിച്ച ദുരന്തം അതിനുള്ള ഉത്തമ ഉദാഹരണമാണ്. കാട്ടു പുഴകളും തോടുകളും വറ്റി വനജലാശയങ്ങള്‍ വരണ്ടുണങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതോടെ വന്യജീവികള്‍ നാട്ടിലിറങ്ങുന്ന സാധ്യതയും ഏറിവരികയാണ്. വനമേഖല നിവാസികളുടെ അവസ്ഥയും രൂക്ഷമാവും. ഓരോ വര്‍ഷവും ചൂടുകൂടിവരുന്നതിനു അനുസരിച്ച് വേനല്‍ക്കാല പ്രശ്‌നങ്ങളും വര്‍ധിക്കുകയാണ്. മരണത്തിന് വരെ കാരണമായേക്കാവുന്ന സൂര്യാഘാതം മൂലമുണ്ടാകുന്ന പൊള്ളലുകള്‍ കേരളത്തില്‍ കൂടി വരുകയാണ്. സൂര്യ താപമേറ്റ് പൊള്ളലുണ്ടായാല്‍ ഉടന്‍ ശരീരം തണുപ്പിക്കാന്‍ സംവിധാനം ഒരുക്കണം. കട്ടിയുള്ള വസ്ത്രങ്ങള്‍ക്ക് പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. ഓരോ മണിക്കൂര്‍ ഇടവിട്ട് ഒന്നോരണ്ടോ ഗ്ലാസ് വെള്ളം കുടിക്കുക. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്നുവരെ വെയിലില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവധിക്കാതിരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരിക്കാതിരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണം. കൂടാതെ നാട്ടിലും വനപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ നിലവിലുള്ള പല കുടിവെള്ള പദ്ധതികളും വേണ്ടത്ര ഫലം കാണുന്നില്ല. തുടങ്ങിവെച്ച പല പദ്ധതികളും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഇല്ലാത്തതാണ് മറ്റൊരുവശം. നിലവിലെ പദ്ധതികളിലെ പാളിച്ചകള്‍ മാറ്റി ക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ വെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈകൊണ്ടാല്‍ വേനലില്‍ ഒരു പരിധിവരെ നമുക്ക് രക്ഷനേടാം.