തമിഴ് രാഷ്ട്രീയത്തില്‍ ഇനി കമല്‍-രജനി പോരാട്ടം

kamal haasan & rajinikanth

പ്രായോഗിക രാഷ്ട്രീയം പയറ്റി രണ്ടു സൂപ്പര്‍ താരങ്ങള്‍

കമലഹാസന്‍ പ്രായോഗിക രാഷ്ട്രീയം ഉള്‍ക്കൊണ്ടിരിക്കുന്നു.കാര്യങ്ങളെ അനുകൂലമാക്കിയെടുക്കുക എന്നതാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാന ബാലപാഠം എങ്കില്‍ കമല്‍ ആ പാഠം ഉള്‍ക്കൊണ്ടിരിക്കുന്നു അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് രജനീകാന്തിനെതിരെ അദ്ദേഹത്തിന്റെ ഒളിയമ്പ്.മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിന് കാവേരി പ്രശ്‌നത്തില്‍ മാത്രമല്ല മറ്റു പല വിഷയങ്ങളിലും രജനി മൗനം പാലിക്കാറുണ്ട് എന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്.കുശാഗ്രബുദ്ധിയായ രാഷ്ട്രീയ നേതാവിലേക്കുള്ള പരിവര്‍ത്തനമായി കമലിന്റെ ഈയൊരു പരാമര്‍ശത്തെ കാണുന്നതില്‍ തെറ്റില്ല. തനിക്ക് ഇനി ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക രജനികാന്തും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണെന്ന് മക്കള്‍ നീതി മയ്യം നേതാവായ കമല്‍ തിരിച്ചറിഞ്ഞിരിക്കുന്നു.രജനി ഇതുവരെ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല എന്നേയുള്ളൂ.രാഷ്ട്രീയമായി അദ്ദേഹവും കാര്യങ്ങള്‍ ഏറെ മുന്നോട്ട് നീക്കിയിട്ടുണ്ട്.തുടക്കത്തിലേ രജനിക്ക് ഒരടി നല്‍കാന്‍ തന്നെയാണ് കമല്‍ഹാസന്റെ ഉദ്ദേശ്യം.തമിഴ് മക്കളുടെ ഉള്‍ത്തുടിപ്പാണ് രജനികാന്ത്.അത് മറ്റാരേക്കാളും നന്നായി ഉലകനായകന് അറിയാം.തന്നെക്കാള്‍ ജനസ്വാധീനം രജനിക്കാണെന്നും കമല്‍ മനസ്സിലാക്കിയ കാര്യമാണ്.ഈ പശ്ചാത്തലത്തില്‍ കാവേരി വിഷയത്തില്‍ മാത്രമല്ല മറ്റു പല വിഷയങ്ങളിലും രജനി മൗനം പാലിക്കുന്നു എന്ന പ്രസ്താവന കൊണ്ട് കമല്‍ ഉദ്ദേശിച്ചത് രജനികാന്തിന്റെ അസ്തിത്വം തന്നെ. ജന്മം കൊണ്ട് കര്‍ണ്ണാടകക്കാരനാണ് രജനികാന്ത്.കാവേരി നദീജലപ്രശ്‌നം തമിഴ്‌നാടും കര്‍ണ്ണാടകവുമായുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്.കാവേരിയെ പരാമര്‍ശിച്ച് രജനികാന്തിന്റെ മൗനം മറ്റു പല വിഷയങ്ങളിലേക്കും കൂട്ടിയിണക്കുന്ന കമലിന്റെ രാഷ്ട്രീയ ബുദ്ധി പ്രായോഗികതയുടേയാണ്.പ്രാദേശിക വികാരം മറ്റെന്തിനേക്കാളും തമിഴ് മക്കളെ സ്വാധീനിച്ചേക്കാം.രജനികാന്ത് ഇപ്പോള്‍ ഹിമാലയ തീര്‍ത്ഥാടനത്തിലാണ്.അത് കഴിഞ്ഞ് വന്നാല്‍ അദ്ദേഹം പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് വിവരം.തുടക്കത്തില്‍ തന്നെ ഒരടി കൊടുക്കുക എന്നതാണോ കമല്‍ ഉദ്ദേശിച്ചത്.രജനികാന്തും കമലഹാസനും തമിഴ് ജനതയുടെ അഭിമാനതാരങ്ങളാണ്.ഇവരുടെ സിനിമകളോട് മാത്രമല്ല ഈ താരങ്ങളോടും തമിഴകം ഏറെ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു.എം.ജി.ആര്‍ കഴിഞ്ഞാല്‍ ഇത്രയധികം ജനസ്വാധീനമുള്ള നടന്‍മാര്‍ ഇവരെപോലെ മറ്റാരുമില്ല. രണ്ടുപേരും ഏതാണ്ട് ഒരേ സമയത്ത് തന്നെ രാഷ്ട്രീയ പ്രവേശനം നടത്തിയിരിക്കുന്നതും തികച്ചും യാദൃശ്ചികമായിരിക്കും.ഇനി ഇവര്‍ തമ്മിലുള്ള മത്സരമാകുമോ തമിഴ്‌നാട്ടില്‍ ? എം.ജി.ആറും കരുണാനിധിയും പോലെ. കമല്‍ഹാസന്റെ രാഷ്ട്രീയം ഇടത് പ്രത്യയശാസ്ത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.രജനിയുടേതാകട്ടെ ആത്മീയ രാഷ്ട്രീയവും. അഴിമതി വിമുക്തമായ തമിഴ്‌നാടാണ് ഇരുവരുടേയും ലക്ഷ്യം.രണ്ടു സൂപ്പര്‍ താരങ്ങളുടെ രാഷ്ട്രീയ നിലപാടുകളിലെ ചില സാദൃശ്യങ്ങള്‍ ഇരുവരെയും ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കും എന്ന ധാരണയുണ്ടാക്കിയിരുന്നെങ്കിലും കമല്‍ഹാസന്‍ ആദ്യ ഒളിയമ്പ് എയ്തു കഴിഞ്ഞു.രജനിയുടെ പ്രതിരോധം എങ്ങനെയാകും? എന്നാല്‍ രജനിയും പ്രായോഗികതയില്‍ ഒട്ടും പിന്നിലല്ല .എം.ജി.ആറിനെ പോലെ തമിഴ് നാട് ഭരിക്കും എന്ന് അദ്ദേഹം മുമ്പ് പറഞ്ഞു വെച്ചിട്ടുണ്ട്.എം.ജി.രാമചന്ദ്രന്‍ ജന്മം കൊണ്ട് തമിഴ് നാട്ടുകാരനല്ല,പാലക്കാട്ടുകാരനായ മലയാളിയാണ്.രജനിയുടെ ഈ പ്രസ്താവന തന്നെയാണോ കാവേരി പ്രശ്‌നം ഉയര്‍ത്തിക്കാട്ടി മറ്റ് പ്രശ്‌നങ്ങളിലെ രജനിയുടെ മൗനത്തെ വിമര്‍ശിക്കാന്‍ കമലിനുപ്രേരണയായത്.