അരവിന്ദ് കേജ്‌രിവാളിന്റെ ഉപദേശകന്‍ രാജിവച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഉപദേശകന്‍ വി.കെ. ജയിന്‍ രാജിവച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളും ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വി.കെ.ജയിനിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും അയച്ചു. ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇപ്രൂവ്‌മെന്റ് ബോര്‍ഡിന്റെ സി.ഇ.ഒ ആയിരുന്ന വി.കെ.ജയിനിനെ കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഉപദേശകനായി നിയമിക്കുന്നത്. ചീഫ് സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റ സംഭവത്തിന് ശേഷം ഇദ്ദേഹം നീണ്ട നാളത്തെ മെഡിക്കല്‍ അവധിയിലായിരുന്നു. ഫെബ്രുവരി 19നാണ് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് മര്‍ദ്ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ എ.എ.പി എം.എല്‍.എമാരായ പ്രകാശ് ജാര്‍വാലും അമാനത്തുള്ള ഖാനും ചീഫ് സെക്രട്ടറിക്ക് ചുറ്റും നില്‍ക്കുന്നതും അദ്ദേഹത്തെ കേജ്‌രിവാളിന്റെ വസതിയില്‍ വച്ച് മര്‍ദ്ദിക്കുന്നത് കണ്ടുവെന്നും ജയിന്‍ മൊഴിനല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചിരുന്നു.