അങ്ങിനെ ഇന്ദ്രന്‍സും സ്റ്റാറായി

പണ്ടൊക്കെ മലയാള സിനിമാ അവാര്‍ഡുകള്‍ തേടിപ്പോവാറ് സിനിമയിലെ സ്ഥിരം മുഖങ്ങളായ സൂപ്പര്‍ സ്റ്റാറുകളെയായിരുന്നു. എന്നാലിപ്പോള്‍ ഏതാനും ചില വര്‍ഷ ങ്ങളായി അങ്ങിനെയൊരവസ്ഥ മാറി തരതമ്യേന അപ്രശസ്തരും തടിമിടുക്കും,തിണ്ണമിടുക്കും, ആസ്തിമിടുക്കും സൗന്ദര്യവുമൊന്നും കാര്യമായി ഇല്ലാത്തവരെ കൂടി തേടി അവാര്‍ഡുകള്‍ വരുന്നു എന്നത് ഏറെ സന്തോഷകരമായ കാ ര്യം തന്നെ. അതുകൊണ്ടൊക്കെത്തന്നെയായിരിക്കാം കഴിഞ്ഞ തവണ വിനായകനും ഇത്തവണ ഇന്ദ്രന്‍സിനും മലയാള സിനിമയിലെ ഏറ്റവും നല്ല അഭിനേതാവിനുള്ള അവാര്‍ഡുകള്‍ ലഭിച്ചത്. ദേശീയ സിനിമാ അവാര്‍ഡു നിര്‍ണയത്തിലും ഈ മാറ്റം കാണാനുണ്ട്. സലീം കുമാറിന്റെയും , സുരാജ് വെഞ്ഞാറംമൂടിന്റെയുമൊക്കെ സമീപകാല അനുഭവം ഇത് സാക്ഷ്യപ്പെടുത്തുന്നു. മറ്റൊരു പ്രത്യേകത അഭിനേതാക്കളുടെ താരപരിവേഷത്തിനപ്പുറം അഭിനയത്തിന്റെ ആഴം എന്ന ഗുണമേന്മ കൂടി അവാര്‍ഡു നിര്‍ണയങ്ങള്‍ക്ക് പരമാവധി പരിഗണിക്കപ്പെടുന്നു എന്നതാണ്. സിനിമാഭിനയത്തില്‍ താരതമ്യേന പുതുമുഖമായിരുന്നിട്ട് പോലും ഏറ്റവും നല്ല നടി എന്ന നിലയില്‍ പാര്‍വതിക്കു കിട്ടിയ അംഗീകാരവും അതാ ണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. കഴിഞ്ഞ തവണയും കിട്ടിയിരുന്നു പാര്‍വതിക്ക് ഇതേ അംഗീകാരം. ഇത്തവണത്തെ മലയാള ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ കാലങ്ങളിലൊക്കെ അവാര്‍ഡ് പ്രഖ്യാപനം വരേണ്ട താമസം അപ്പോഴേക്കും അവാര്‍ഡ് നിര്‍ണയത്തെപറ്റി വിമര്‍ശനങ്ങളും പരാതികളും വിവാദങ്ങളുമൊക്കെ വരവായി എന്ന അവസ്ഥയായിരുന്നു. എന്നാല്‍ ഇത്തവണ ഒരു കോണില്‍ നിന്നും പരാതികളോ പരിഭവങ്ങളോ കാര്യമായി ഉയര്‍ന്നതായി കാണുന്നില്ല. അത്രയും ശ്രദ്ധയോടും ജാഗ്രതയോടും കൂടിയാണ് ജൂറി പ്രവര്‍ത്തിച്ചിട്ടുള്ളത്. വിഖ്യാത സിനിമാക്കാരന്‍ ടി.വി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള അവാര്‍ഡ് നിര്‍ണയ സമിതിയില്‍ സംവിധായകരായ ഡോ.ബിജു, മനോജ്കാന, സൗണ്ട് എഞ്ചിനിയര്‍ വിവേക് ആനന്ദ് ചായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, ഡോ. എം. രാജീവ് കുമാര്‍, മുന്‍കാല നടി ജലജ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരായിരുന്നു അംഗങ്ങള്‍. അവരൊക്കെ മത്സര സിനിമികള്‍ കുത്തിയിരുന്ന് കാണുകയും അവ കീറിമുറിച്ച് വിശകലനം ചെയ്യുകയുമുണ്ടായി എന്നു വേണം ന്യായമായും അനുമാനിക്കാന്‍. ‘ആളൊരുക്കം’ എന്ന സിനിമയിലെ ഓട്ടംതുള്ളല്‍കാരനായ പപ്പുവാശാന്‍ എന്ന കഥാപാത്രമായി കാഴ്ചവെച്ച മികവാര്‍ന്ന അഭിനയമാണ് ഇന്ദ്രന്‍സിനെ ഒന്നാം നമ്പര്‍ നടനാക്കിയത്. 2015 ലെ സംസ്ഥാന ചലച്ചിത്ര അവാ ര്‍ഡു പട്ടികയില്‍ നിന്ന് പലകാരണങ്ങളാല്‍ ഔട്ടാവുകയായിരുന്നു ഇന്ദ്രന്‍സ്. വെറും ഒരു കോസ്റ്റ്യൂമറും ഹാസ്യനടനുമായ ഇന്ദന്‍സിനോ നല്ല നടനുള്ള അവാര്‍ഡ് എന്നതായിരുന്നു അന്ന് ജൂറിയെ മഥിച്ച വികാരം. അതിന്റെ പകരം വീട്ടല്‍ കൂടിയായി ഇത്തവണത്തെ ഈ മഹാപുരസ്‌കാരം. പാര്‍വതിയുടെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടല്ലോ. ടെയ്‌ക്കോഫ് എന്ന സിനിമ കണ്ട ആര്‍ക്കും ധൈര്യമായി പ്രവചിക്കാന്‍ കഴിയുമായിരുന്നു ആ നടിയുടെ ഈ അവര്‍ഡ് ലഭ്യത. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക കാര്യം ഇവിടെ പരാമര്‍ശിക്കട്ടെ. മറ്റുള്ള അവാര്‍ഡ് ജേതാക്കള്‍ക്ക് കിട്ടുന്ന അനുമോദനങ്ങള്‍ സമൂഹ മാധ്യമങ്ങളിലൊന്നും പാര്‍വതിക്ക് കിട്ടുന്നതായി കാണുന്നില്ല. ഇതിന് ഊഹിക്കാവുന്ന കാരണം ‘കസബ’ എന്ന ചിത്രത്തിലെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ അഭിയനത്തെപറ്റി ഈ വനിതാ സിനിമാക്കാരി നേരത്തെ പ്രകടിപ്പിച്ച അഭിപ്രായങ്ങളാവാം. സിനിമാരാംഗത്തെ അനാരോഗ്യകരമായ പ്രവണതകളുടെ ഒരു സൂചന കൂടിയാണ് ഇത്. ഇത് മാറിയേപറ്റു. ഏതായാലും സിനിമാരംഗത്ത് ഈ ലക്ഷ്യം വെച്ച് ഒരു പെണ്‍ കൂട്ടം ഉദയം ചെയ്തിട്ടുണ്ട് എന്നത് നല്ല കാര്യമാണ്. ‘ടെയ്‌ക്കോഫ്’ അഞ്ച് അവാര്‍ഡുകള്‍ നേടി. ലിജോ ജോസഫ് പല്ലിശ്ശേരി നല്ല സംവിധായകന്‍ എന്ന നിലയില്‍ അം ഗീകരിക്കപ്പെട്ടു. ‘ഒറ്റമുറിവെളിച്ച’ത്തിനും കിട്ടി മൂന്നു അവാര്‍ഡുകള്‍. പുരസ്‌കാരങ്ങളില്‍ ബഹുഭൂരിപക്ഷവും പുതമുഖങ്ങള്‍ ക്കും ആശയസമ്പന്നമായ സിനിമകള്‍ക്കുമാണ്. സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ പഴയ ആളാണെങ്കിലും ഇത് വരെ ചലച്ചിത്ര അവാ ര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയിരുന്നില്ല. ഇത്തവണ അതും ഒത്തുവന്നു. അഭിനേതാക്കളായ അലന്‍സിയറും പൗളിവത്സനും സംവിധായകരായ രഞ്ജന്‍ പ്രമോദ്, മഹേ ഷ് നാരായണന്‍, ദീപേഷ് എന്നിവരും തിരക്കഥാകൃത്ത് സജീവ് പാഴൂരും ഗാനരചയിതാവ് പ്രഭാവര്‍മയും പശ്ചാത്തല സംഗീതക്കാരന്‍ ഗോപി സുന്ദറും, ഗായകരായ ഷഹബാസ് അമന്‍, സിതാര കൃഷ്ണകുമാര്‍ എന്നിവരും അവരവരുടെ ഇനങ്ങളിലെ മികവിന് അംഗീകരിക്കപ്പെട്ടു. അവാര്‍ഡ് ജേതാക്കള്‍ക്കെല്ലാം ഈ നേട്ടം അവരുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശരിയായ ഉത്തേജനമാവട്ടെ.