വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

hawking

വിടവാങ്ങിയത് ഐന്‍സ്റ്റീനു ശേഷം ലോകം ദര്‍ശിച്ച മഹാനായ ശാസ്ത്രജ്ഞന്‍
ശാരീരിക അവശതകളെ മനക്കരുത്തു കൊണ്ട് തോല്‍പ്പിച്ച പ്രതിഭയ്ക്ക് ആദരാഞ്ജലി

ലണ്ടന്‍: വിഖ്യാത ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ സ്റ്റീഫന്‍ ഹോക്കിംഗ് (76) അന്തരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെഅന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ശരീരത്തെ മുഴുവന്‍ തളര്‍ത്തുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച ഹോക്കിംഗ് യന്ത്രസഹായത്തിലാണ് പുറം ലോകവുമായി ആശയ വിനിമയം നടത്തിയിരുന്നത്.
നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് നിരവധി ഗവേഷണങ്ങളാണ് ഹോക്കിംഗ് നടത്തിയിരുന്നത്.
നിലവില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യന്‍ പ്രഫസര്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു.
1942ല്‍ ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡില്‍ ജനിച്ച സ്റ്റീഫന്‍ ഹോക്കിംഗ് 17–ാം വയസ്സിലാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന പ്രശസ്ത ശാസ്ത്രഗ്രന്ഥം രചിച്ചത് ഹോക്കിംഗാണ്.
കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൈകാലുകള്‍ തളര്‍ന്നുപോകാന്‍ കാരണമായ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് (എംഎന്‍ഡി)എന്ന രോഗം അദ്ദേഹത്തെ ബാധിച്ചത്. പരമാവധി രണ്ടു വര്‍ഷം ആയുസെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനു ശേഷമാണ് അദ്ദേഹം നിരവധി ഗവേഷണങ്ങള്‍ നടത്തിയത്.
ശരീരത്തിന്റെ തളര്‍ച്ചയെക്കാളേറെ ഭയപ്പെടെണ്ടത് മനസിന്റെ തളര്‍ച്ചയെ ആണെന്ന് ഹോക്കിംഗിന് ഉത്തമബോദ്ധ്യമുണ്ടായിരുന്നു. മനസില്‍ ഒരു ലക്ഷ്യമുണ്ടെങ്കില്‍ അത് നേടാന്‍ നിശ്ചയദാഢ്യം മാത്രം മതിയെന്ന് സ്റ്റീഫന്‍ തന്റെ ജീവിതത്തിലൂടെ തെളിയിച്ചു.