ഒടിയന്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് വരുമ്പോള്‍ സംഭവിക്കുന്നതെന്ത്?

Odiyan

സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും ഇഴപിണഞ്ഞു കിടക്കുന്ന
നിഗൂഢ കഥാപാത്രം വിസ്മയമാകുമോ ?

എന്തു വിസ്മയമാണ് മോഹന്‍ലാലും വി.എ.ശ്രീകുമാര്‍ മേനോനും ഒടിയനില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടാവുക.പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാനെന്തൊക്കെ രസക്കൂട്ടുകളാണ് ഇവര്‍ ചേരും പടി ചേര്‍ത്തിയിട്ടുണ്ടാവുക.സിനിമാ ലോകം ആകാംക്ഷയിലാണ്.അതോടൊപ്പം ആവേശത്തിലും.മലയാള സിനിമ ഇന്നേ വരെ കണ്ടതില്‍ ഏറ്റവും ചെലവ് കൂടിയ ചിത്രമാകും ഒടിയന്‍ എന്നതുമാത്രമല്ല ഇതിനു കാരണം.ചരിത്രവും ഐതിഹ്യവും ഇഴ ചേര്‍ത്തു നിഗൂഢമായ ഒരു തലം ഒടിയന്‍ എന്ന സങ്കല്‍പ്പത്തിനുണ്ട്.നിമിഷാര്‍ദ്ധം കൊണ്ട് കാളയായും നരിയായും മാറാന്‍ കഴിയുന്ന മനുഷ്യന്‍, മുറുക്കി ചുവപ്പിച്ച് മന്ത്രം ജപിച്ച് ഒരു കോലൊടിക്കുമ്പോള്‍ എതിരാളിയുടെ ്യുഅസ്ഥികള്‍ നുറുങ്ങുന്നു.അവര്‍ പ്രാണന്‍ പിടഞ്ഞ് മരണത്തെ പുല്‍കുന്നു.ഇരുട്ടു വീണ നാട്ടിടവഴികളില്‍ ഒടിയന്‍ ഒളിച്ചിരിപ്പുണ്ടാകും എതിരാളിയെ കാത്ത്.മുത്തശ്ശിക്കഥകളിലൂടെ പുരാവൃത്തങ്ങളിലൂടെ പറഞ്ഞു കേട്ട ഒടിയന്‍.മോഹന്‍ലാലെന്ന നടന വിസ്മയം മാണിക്യന്‍ എന്ന ഒടിയനാകുന്നത് തന്നെയാണ് ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത്. ഇത് വരെ മലയാള സിനിമ പറയാത്ത കഥയാണിത്.ഫാന്റസി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒടിയനെ ചടുലമാക്കാന്‍ പുലിമുരുകനു ശേഷം പീറ്റര്‍ ഹെയ്ന്‍ എന്ന സ്റ്റണ്ട് കോറിയോഗ്രാഫറും രംഗത്തുവന്നതോടെ ആരാധകര്‍ ത്രില്ലിലായി.1950 മുതല്‍ 2000 വരെയുള്ള കാലഘട്ടമാണ് ഒടിയനിലെ കഥാതന്തു.അരനൂറ്റാണ്ടുകാലം പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ മോഹന്‍ലാല്‍ യുവാവായും മധ്യവയസ്‌കനായും വൃദ്ധനായും പരകായ പ്രവേശം ചെയ്യുന്നു.കൂടെ സഞ്ചരിക്കാന്‍ പ്രകാശ് രാജും മഞ്ജുവാര്യരുമുണ്ട്.താടിയും മുടിയും നീട്ടി വളര്‍ത്തി സന്യാസത്തിന്റെ ഭാവതീവ്രതയോടെയുള്ള ഗെറ്റപ്പിലായിരുന്നു മോഹന്‍ലാല്‍ വാരാണസിയില്‍ വെച്ച് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്.പിന്നീട് 18 കിലോ തൂക്കം കുറച്ച് യുവാവായ മാണിക്യനായി ലാല്‍ എത്തി.ഫ്രാന്‍സിലെ ഒരു സംഘം വിദഗ്ദരുടെ മേല്‍ നോട്ടത്തില്‍ ആഴ്ചകള്‍ നീണ്ട നിഷ്‌കര്‍ഷതയോടെയുമുള്ള പരിശീലനങ്ങള്‍ക്കും വ്യായാമമുറകള്‍ക്കും ശേഷം യൗവനയുക്തനായ മാണിക്യനിലേക്ക് താരം കൂടുമാറി.സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ ലുക്ക് ഒടിയനെ വീണ്ടും പ്രതീക്ഷയുടെ വാനോളമുയര്‍ത്തി. ക്ലീന്‍ ഷേവ് ചെയ്ത് മുറുക്കി ചുവപ്പിച്ച്,കോളാമ്പിയെടുത്ത് തുപ്പി മുഖം ഉയര്‍ത്തുന്ന മാണിക്യന്‍.സംഭ്രമത്തിന്റെയും കൗതുകത്തിന്റെയും തിരികള്‍ ടീസറില്‍ തന്നെ കൊളുത്തിക്കഴിഞ്ഞു.ബിഗ്‌സ്‌ക്രീനില്‍ എന്താകും ആ മാനറിസങ്ങള്‍ നല്‍കുന്ന അനുരണനങ്ങള്‍ ! സ്‌പെഷ്യല്‍ ഗ്രാഫിക്‌സിന്റെ ധാരാളിത്തം ആവശ്യപ്പെടുന്ന സിനിമ കൂടിയാണ് ഒടിയന്‍.ഈ കാര്യം സംവിധായകന്‍ മുമ്പെ വ്യക്തമാക്കിയിട്ടുള്ളതാണ്.എങ്ങിനെയാകും ഒടിയന്റെ കഥാസഞ്ചാരം.പറഞ്ഞു കേട്ട ഒടിയന്‍ കഥകള്‍ ഭാവനാത്മകമാണ്. അന്ധവിശ്വാസ ജഡിലമായ ഈ മിത്ത് സിനിമാ രൂപമാക്കുമ്പോള്‍ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ എങ്ങിനെയാകും മാണിക്യനെ തുറന്ന് വിടുന്നത്.കാത്തിരുന്നു കാണാം. ഒടിയന്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്.പാലക്കാട്ടാണ് അവസാനത്തെ ഷൊഡ്യൂള്‍.30 വയസ്സായ മാണിക്യന്‍ നിറഞ്ഞാടുകയാണ് പാലക്കാടന്‍ ഗ്രാമങ്ങളില്‍.ഒക്‌ടോബറില്‍ റിലീസിനു നിശ്ചയിച്ച ചിത്രം പക്ഷേ അതിന് മുമ്പ് തന്നെ തിയേറ്ററിലെത്തിയേക്കാം.ആശീര്‍വാദ് സിനിമാ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ പ്രതീക്ഷകളെ സഫലമാക്കുമോ ? പ്രതീക്ഷകളുടെ ഉയരത്തിലാണിപ്പോള്‍ ഒടിയന്‍.ചെറിയ പാളിച്ച ഉണ്ടായാല്‍ പോലും പ്രേക്ഷകര്‍ കൈവിടുമെന്ന ആശങ്ക ആരാധകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമുണ്ട്.വി.എ.ശ്രീകുമാര്‍മേനോന്റെ ആദ്യ സംവിധാന സംരംഭമാണിത്.നിരവധി പ്രശസ്തമായ പരസ്യചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.ഒടിയന്‍ ശ്രീകുമാര്‍ മേനോനെന്ന സംവിധായകന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരിക്കും.