മുതിര്‍ന്ന പൗരന്മാര്‍ക്കായി പോലീസിന്റെ മൊബൈല്‍ ആപ്പും

phone

കോട്ടയം: മുതിര്‍ന്ന പൗരന്മാര്‍ക്ക് പോലീസിന്റെ സഹായം വേഗത്തില്‍ ലഭ്യമാക്കാനായി മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മൊബൈല്‍ ഫോണ്‍ സ്‌ക്രീനിലെ ആപ്പ് നിശ്ചിത സെക്കന്‍ഡ് തൊട്ടാല്‍ ഓട്ടോമാറ്റിക്കായി സമീപത്തെ പോലീസ് സ്റ്റേഷനില്‍ കോള്‍ എത്തുന്നതാകും സംവിധാനം. വീടുകളില്‍ ഒറ്റയ്ക്കു കഴിയുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കോട്ടയം ജില്ലാ പോലീസ് നടപ്പിലാക്കിയ ഹോട്ട്‌ലൈന്‍ സംവിധാനമായ സ്‌നേഹസ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയത്ത് ലാന്‍ഡ് ഫോണുമായി ബന്ധിപ്പിച്ചാണ് ഹോട്ട്‌ലൈന്‍ സംവിധാനം. ഇതേ മാതൃകയില്‍ മറ്റു ജില്ലകളിലും പദ്ധതി നടപ്പിലാക്കും. ഇപ്പോള്‍ ഭൂരിഭാഗം ആളുകള്‍ക്കും ലാന്‍ഡ് ഫോണുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് മൊബൈല്‍ ഫോണിലും സംവിധാനം ലഭ്യമാക്കാന്‍ ആപ്പിനു രൂപം നല്‍കുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പോലീസ് യോഗങ്ങള്‍ വിളിക്കും. സര്‍വീസ് ഡെലിവറി സെന്ററുകളായി പോലീസ് സ്റ്റേഷന്‍ മാറുകയാണ്. നിരവധി സേവനങ്ങളാണ് ഇപ്പോള്‍ പോലീസ് സ്റ്റേഷന്‍ വഴി ലഭ്യമാക്കുന്നത്. ഇതു വര്‍ധിപ്പിക്കുമെന്നും ഡിജിപി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ആദ്യകോള്‍ ജസ്റ്റീസ് കെ.ടി. തോമസ് വിളിച്ചു. സിനിമയില്‍ കാണുന്ന ഇടിക്കുന്ന പോലീസ് അല്ല ഇപ്പോഴുള്ളതെന്നും എന്നാലിപ്പോഴും സിനിമകള്‍ ഇതേ രീതിയിലാണെന്നും ഇത്തരം ചിന്തകള്‍ക്കു മാറ്റം വരുത്താന്‍ ഇത്തരം പദ്ധതികള്‍ക്ക് കഴിയുമെന്നും കെ.ടി. തോമസ് പറഞ്ഞു. കോട്ടയം നഗരസഭ അധ്യക്ഷ ഡോ. പി.ആര്‍. സോന അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത് ഡയറക്ടറി പ്രകാശനം ചെയ്തു. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ, കോട്ടയം ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീഖ്, ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ കെ. സാജു ജോര്‍ജ്, ഫെഡറേഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍ ഓഫ് കേരള പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍ നായര്‍, ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് വി.വി. അനില്‍കുമാര്‍, പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ കെ. മാത്യൂ, കോട്ടയം നഗരസഭ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, വിവിധ സംഘടനാ ഭാരവാഹികളായ ടി. ഏബ്രഹാം, കെ.എം. രാധാകൃഷ്ണപിള്ള, ജോസ് പുളിക്കല്‍, പാലാ ഡിവൈഎസ്പി വി.ജി. വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം ജില്ലയില്‍ 5126 വീടുകളില്‍ മുതിര്‍ന്നവര്‍ ഒറ്റയ്ക്കു താമസിക്കുന്നതായാണ് പോലീസിന്റെ കണക്ക്.