സര്‍ക്കാര്‍ ആശുപത്രികളില്‍ ഇലക്‌ട്രോണിക് ടോക്കണ്‍ സംവിധാനം സജ്ജമാകുന്നു

electronic token

ചങ്ങനാശേരി: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കോട്ടയം മെഡിക്കല്‍ കോളജ്, കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികള്‍, വൈക്കം, കുറവിലങ്ങാട്, പാമ്പാടി താലൂക്ക് ആശുപത്രികള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ 11 ആശുപത്രികള്‍ എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പാക്കുന്നു. രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ഡോക്ടര്‍മാര്‍ക്ക് പ്രത്യേക കാബിനുകള്‍ തയാറാക്കും. ഡോക്ടര്‍മാരുടെ കാബിനു മുന്പില്‍ ഇലക്ട്രോണിക്‌സ് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. ടോക്കണിന്റെ മുന്‍ഗണനാപ്രകാരം ഡോക്ടര്‍ ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ടോക്കണ്‍ നന്പര്‍ തെളിയുകയും രോഗിക്കു കാബിനില്‍ പ്രവേശിച്ച് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാവുന്ന തരത്തിലാണ് ക്രമീകരണം.രോഗികള്‍ക്ക് കാത്തിരിപ്പ് സ്ഥലം, ശുദ്ധജലം, ടിവി, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കത്തക്കവിധമുള്ള ബാത്തുറൂമുകള്‍, റാന്പുകള്‍ തുടങ്ങിയവയും സജ്ജമാക്കും. ആര്‍ദ്രം പദ്ധതി പ്രകാരമുള്ള സൗകര്യവികസനത്തിനുള്ള നിര്‍മാണ ജോലികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ നിര്‍മാണത്തിനുള്ള ഭരണാനുമതി ലഭിച്ചതായും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. വ്യാസ് സുകുമാരന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിനു ദൗര്‍ലഭ്യമില്ലെന്നും ആശുപത്രി അധികാരികള്‍ മുന്‍കൂര്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിലൂടെയാണ് ഓരോ ആശുപത്രികളിലും മരുന്നുകള്‍ എത്തുന്നത്. ആരോഗ്യവകുപ്പിനെ സംബന്ധിച്ച പരാതികളും നിര്‍ദേശങ്ങളും ടോള്‍ ഫ്രീ നന്പറായ 1056 അറിയിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.