റോഡപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി ശക്തമാക്കണം: ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളും അപകട മരണങ്ങളും കുറയ്ക്കുന്നതിന് നടപടികള്‍ ശക്തമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ എസ്.പിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും കണ്‍ട്രോള്‍ റൂം വാഹനങ്ങളും ഹൈവേ പൊലീസിന്റേയും ഇടപെടലും പരിശോധനകളും നിയമനടപടികളും മൂലം കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ കുറവ് വന്നിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുമാസം അപകടങ്ങള്‍ കൂടുന്ന പ്രവണത കാണുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. അപകടങ്ങള്‍ കുറയ്ക്കുന്നതിന് ശക്തമായ ബോധവല്‍ക്കരണത്തിനൊപ്പം നിയമ നടപടികള്‍ കര്‍ശനമാക്കാനും നിര്‍ദ്ദേശം നല്‍കി.