ആയിരം കോടി സ്വത്തുമായി എം.പിമാരിലെ ധനാഢ്യ ജയബച്ചന്‍ തന്നെ

jaya bachan

ന്യൂഡല്‍ഹി: തനിക്കും ഭര്‍ത്താവ് അമിതാഭ് ബച്ചനും ആയിരം കോടിയുടെ സ്വത്തുവകകളുണ്ടെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ എം.പിമാരില്‍ ഏറ്റവും ധനികയെന്ന റെക്കാഡ് ഇനി ജയബച്ചന് സ്വന്തം. നിലവിലെ ധനാഢ്യനായ ബി.ജെ.പിയുടെ രവീന്ദ്ര കിഷോര്‍ സിന്‍ഹയെയാണ് ജയ മറികടന്നത്. 2014ല്‍ 800 കോടിയുടെ സ്വത്ത് തനിക്കുണ്ടെന്നാണ് ഇലക്ഷന്‍ കമ്മിഷന് മുമ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സിന്‍ഹ പറഞ്ഞിരുന്നത്.സമാജ്‌വാദി പാര്‍ട്ടിയുടെ നോമിനിയായാണ് ജയ ബച്ചന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം, അഞ്ച് വര്‍ഷത്തിനിപ്പുറം ഇരട്ടിയിലധികം വര്‍ദ്ധനവാണ് ജയയുടെ സ്വത്തിലുള്ളത്. 2012ല്‍ 493 കോടിയായിരുന്നു സ്വത്ത്. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന ആയിരംകോടിയുടെ സ്വത്ത് വകകളില്‍ 460 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും 540 കോടിയുടെ ജംഗമ സ്വത്തുക്കളുമാണുള്ളത്. ഇതില്‍ 62 കോടി വിലമതിക്കുന്ന ആഭരണങ്ങള്‍ ജയയ്ക്കും 36 കോടി രൂപയുടേത് ബച്ചനുമാണ്. 13 കോടി മൂല്യമുള്ള 12 വാഹനങ്ങളും നാല് കോടിയുടെ വാച്ചും ഇരുവര്‍ക്കുമുണ്ട്. നോയിഡ, ഭോപ്പാല്‍, പൂനെ, അഹമ്മാദാബാദ്, ഗാന്ധി നഗര്‍ എന്നിവിടങ്ങളില്‍ ആഡംബര വസതികളും ഫ്രാന്‍സില്‍ 3175 ചതുരശ്ര മീറ്റര്‍ വിസതൃതിയിലുള്ള മറ്റൊരു വീടും താരദമ്പതികള്‍ക്കുണ്ട്. ഇതു കൂടാതെ ലക്‌നൗവില്‍ ജയയ്ക്ക് 1.22 ഹെക്ടര്‍ കൃഷി ഭൂമിയും അമിതാഭിന് അഞ്ചരക്കോടി മതിപ്പുള്ള തരിശു നിലവും സ്വന്തമായുണ്ട്.