കെ.എസ്.ആര്‍.ടി.സി.ബസ് സ്റ്റാന്റിന്റെ ദുരവസ്ഥക്കു പരിഹാരമാകുമോ?

ksrtc

കോഴിക്കോട്: ഏറെ ആഘോഷത്തോടെയും ,അഭിമാനത്തോടെയും കോഴിക്കോട്ടുകാര്‍ വരവേറ്റ ഒന്നായിരുന്നു മാവൂര്‍റോഡിലെ കെ.എസ്.ആര്‍.ടി.സി.ബസ് ടെര്‍മിനല്‍. എന്നാല്‍ ഇന്നത് ഏറെ പരിമിതികള്‍കുള്ളില്‍ വീര്‍പ്പു മുട്ടുകയാണ്. പ്രധാനമായും സ്റ്റാന്റിന്റെ രൂപകല്‍പ്പനതന്നെയാണ് യാത്രകാര്‍ക്കു ദുരന്തമായി തീര്‍ന്നിരിക്കുന്നത്.പകല്‍ സമയത്ത് പോലും ഇരുട്ടു നിറഞ്ഞ് ചൂടു കൂടിയ അവസ്ഥയിലാണ് ബസ്സ്സ്റ്റാന്റിന്റെ ഉള്‍വശം. 2009ലാണ് കെ.എസ്.ആര്‍.ടി.സി. ബസ്സ്സ്റ്റാന്റിന്റെ നിര്‍മ്മാണം തുടങ്ങുന്നത്.തുടര്‍ന്ന് ആറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 2015ല്‍ പണി പൂര്‍ത്തിയായി. അതേ വര്‍ഷം ജൂണ്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 3,89,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഏവരെയും അമ്പരപ്പിക്കുന്ന രീതിയില്‍ ഈ കെട്ടിടം മാവൂര്‍റോഡില്‍ തല ഉയര്‍ത്തിയത്.ഇതില്‍ 2,26000ചതുരശ്ര അടി വ്യാപാര സ്ഥാപനങ്ങള്‍ക്കായാണ് നീക്കി വെച്ചത്.എന്നാല്‍ ഇവയൊന്നും തന്നെ ഇന്നും തുറന്നു പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് ഏറെ അപലപനീയം. നാല്‍പ്പതോളം ബസ്സുകള്‍ ഒരുമിച്ച് നിര്‍ത്തിയിടാനുളള സൗകര്യത്തോടെയാണ് കെട്ടിടം ഒരുക്കിയിരിക്കുന്നതെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ ബസ്സുകള്‍ ശരിയായ രീതിയില്‍ തിരിക്കുവാനുള്ള സൗകര്യം പോലും സ്റ്റാന്റിലില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസ്സിലെ ബോര്‍ഡു വായിക്കണമെങ്കില്‍ പകല്‍ സമയത്ത് പോലും ലൈറ്റിടണമെന്ന അവസ്ഥയാണ്.150 ഇരിപ്പിടങ്ങളും,ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളും,രണ്ടു ലിഫ്റ്റുകളും ഈ സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥയില്‍ സ്റ്റാന്റിനകത്ത് കുറച്ചു നേരം ബസ് കാത്തിരിക്കുക എന്നത് ഒരു പരീക്ഷണമായി മാറിയിരിക്കുകയാണ്.കാലാവസ്ഥ വ്യതിയാനം മൂലം അന്തരീക്ഷ താപനില വര്‍ധിക്കുമ്പോള്‍ പുറത്തെ ചൂടിന്റെ ഇരട്ടിയാണ് കെട്ടിടത്തിന്റെ അശാസ്ത്രീയ നിര്‍മ്മാണം കാരണം സ്റ്റാന്റിന് ഉള്ളിലുള്ളവര്‍ അനുഭവിക്കുന്നത്. അതിനാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെടുകയാണ് യാത്രക്കാര്‍.