കര്‍ഷകരുടെ സമരവിജയം പുതിയ പോരാട്ടങ്ങള്‍ക്കു പ്രചോദനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭത്തിന്റെ വിജയം പുതിയ പോരാട്ടങ്ങള്‍ക്കു പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമതഭേദമന്യെ കര്‍ഷകരും, തൊഴിലാളികളും, ആദിവാസികളും, സാധാരണക്കാരും ഇന്ത്യയെന്ന ആശയത്തിനായി അണിനിരന്നപ്പോള്‍ അത് മണ്ണിന്റെ മക്കളായ അടിസ്ഥാനവര്‍ഗത്തിന്റെ സമരമായെന്നും ഈ സമരം വിജയച്ചേ മതിയാവൂ എന്ന ഇന്ത്യയുടെ ആഗ്രഹമാണ് സഫലമായതെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സാമ്രാജ്യത്വത്തിനും വൈദേശികാധിപത്യങ്ങള്‍ക്കും നേരെ ധീരമായി പൊരുതിയ ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. ജാതിമതഭേദമന്യെ കര്‍ഷകരും, തൊഴിലാളികളും, ആദിവാസികളും, സാധാരണക്കാരും എല്ലാം ആ സമരത്തില്‍ ഇന്ത്യയെന്ന ആശയത്തിനായി അണിനിരന്നു. ആ പാരമ്പര്യത്തിന്റെ ഭാഗമാകാതെ, ചരിത്രപരമായി തന്നെ സാമ്രാജ്യത്വത്തിന് കീഴ്‌പ്പെട്ടു നില്‍ക്കുന്ന കൂട്ടരാണ് ജനകീയസമരങ്ങളെയും പ്രക്ഷോഭങ്ങളെയും ചെറുത്തുനില്പുകളെയും തള്ളിപ്പറയുന്നത്. ഇക്കൂട്ടര്‍ തന്നെയാണ് സാമ്രാജ്യത്വത്തിന് കീഴ്‌പ്പെട്ടുകൊണ്ട് ജനങ്ങള്‍ക്കുമേല്‍ അശാസ്ത്രീയമായ സാമ്പത്തികനയങ്ങള്‍ അടിച്ചേല്പിക്കുവാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നവഉദാരസാമ്പത്തികനയങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് സാമ്രാജ്യത്വവിരുദ്ധമായ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ തള്ളിക്കളയാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ സ്വാഭാവികമായുമുണ്ടാകുന്ന പ്രതിഷേധമാണ് മുംബൈയിലെ ആസാദ് മൈതാനിയില്‍ നടന്നത്. സമരത്തില്‍ പങ്കെടുക്കുവാന്‍ ഇരുന്നൂറോളം കിലോമീറ്ററുകള്‍ താണ്ടി മുംബൈയിലെത്തിയ ഒരു ലക്ഷത്തോളം കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ജാതിമതദേശ ഭേദമന്യെ മുംബൈ ജനത വലിയ പിന്തുണ നല്‍കിയത് ആവേശകരമാണ്. ഈ സമര വിജയം പുതിയ പോരാട്ടങ്ങള്‍ക്കുള്ള പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.