സ്ഥിരാംഗങ്ങളുടെ തെരഞ്ഞെടുപ്പ് എഐസിസി സമ്മേളനത്തിലുണ്ടാവില്ല

rahul

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള 23 സ്ഥിരാംഗങ്ങളുടെ തെരഞ്ഞെടുപ്പ് 18,19, 20 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ ഉണ്ടായേക്കില്ല. പകരം പകുതി വര്‍ക്കിംഗ് കമ്മിറ്റിയംഗങ്ങളെ നിര്‍ദേശിക്കാന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം പ്ലീനറിയില്‍ പാസാക്കും. ഇതിനിടെ, എഐസിസി സമ്മേളനത്തിനു ശേഷം കേരളം അടക്കം ചില സംസ്ഥാനങ്ങളിലെ പുതിയ പിസിസി പ്രസിഡന്റുമാരെ നിയമിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ രാഹുല്‍ നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട്. കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു ശേഷം മതി സംഘടനാതലപ്പത്ത് മാറ്റമെന്ന വാദം ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. പ്രഫ. കെ.വി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍, ബെന്നി ബഹനാന്‍, കെ.സി. ജോസഫ് തുടങ്ങിയ പേരുകളാണ് നിലവില്‍ പിസിസി പ്രസിഡന്റു സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുന്നതിനാല്‍ കെ. മുരളീധരന്‍, വി.ഡി. സതീശന്‍ തുടങ്ങിയവരെ പരിഗണിക്കുക എളുപ്പമാകില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പട്ടികജാതി, പിന്നോക്ക, ന്യൂനപക്ഷ, വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാണ് മല്‍സരം ഒഴിവാക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍് വിശദീകരിച്ചു.