ദിലീപിന് വീണ്ടും തിരിച്ചടി, വിചാരണ നീട്ടിവയ്ക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. വിചാരണ നീട്ടിവയ്ക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. വിചാരണ തടയണമെന്നും, ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ദിലീപിന്റെ ഹര്‍ജിയില്‍ അഭിപ്രായം അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും. പ്രതിയുടെ അവകാശങ്ങള്‍ തനിക്ക് ലഭിക്കണമെന്നും അതുകൊണ്ട് തന്നെ വിചാരണ നിറുത്തി വയ്ക്കണമെന്നുമായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയ ദിലീപിന്റെ ഹര്‍ജികളില്‍ ഒന്ന്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൈവശമുള്ള ദൃശ്യങ്ങളുടെ എഴുതിയ പകര്‍പ്പ് വേണമെന്ന മറ്റൊരു ഹര്‍ജിയും ദിലീപ് സമര്‍പ്പിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് നിറുത്തി വയ്ക്കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചത്.