ഇന്‍ഡിഗോ, ഗോ എയര്‍ വിമാനങ്ങള്‍ക്ക് ഡി.ജി.സി.എയുടെ വിലക്ക്, യാത്രക്കാര്‍ വലഞ്ഞു

ന്യൂഡല്‍ഹി: എന്‍ജിന്‍ തകരാര്‍ പ്രശ്‌നം ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികളുടെ ‘എ320 നിയോ’ വിഭാഗത്തില്‍പ്പെട്ട 11 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വിലക്കിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. അതേസമയം, എത്ര വിമാനങ്ങള്‍ റദ്ദാക്കിയെന്നോ, എത്ര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നോയുള്ള വിവരങ്ങള്‍ നല്‍കാന്‍ രണ്ട് വിമാനക്കമ്പനികളും തയ്യാറായില്ല. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് വിമാനങ്ങള്‍ക്ക് പറക്കലിനുള്ള അനുമതി ഡി.ജി.സി. എ നിഷേധിച്ചത്. ഇ.എസ്.എന്‍. 450 സീരിയല്‍ നമ്പറിലുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച വിമാനങ്ങളാണ് താഴെയിറക്കിയത്. അവയില്‍ എട്ടെണ്ണം ഇന്‍ഡിഗോയുടെയും മൂന്നെണ്ണം ഗോ എയറിന്റേതുമാണ്. പ്രാറ്റ്, വിറ്റ്‌നി സീരീസുകളില്‍പ്പെട്ട എന്‍ജിനുകളുള്ള വിമാനങ്ങളാണിവ. എ 320 നിയോ വിഭാഗത്തില്‍പ്പെട്ട ഒരു വിമാനങ്ങള്‍ക്ക് എന്‍ജിന്‍ തകരാറ് സ്ഥിരമായതോടെ ഇത്തരത്തിലുള്ള വിമാനങ്ങള്‍ക്ക് ഫെബ്രുവരി 9ന് തന്നെ യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഇ.എ.എസ്.എ.) ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. അത്തരം എന്‍ജിനുകളുള്ള വിമാനങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഫെബ്രുവരി 13ന് ഡി.ജി.സി.എയും വ്യക്തമാക്കി. നിലവിലെ വിവരം അനുസരിച്ച് ആയിരത്തോളം യാത്രക്കാര്‍ പല വിമാനത്താവളങ്ങളിലായി കുടുങ്ങിയിട്ടുണ്ട്. സാധാരണ ഒരു വിമാനം പ്രതിദിനം ശരാശരി എട്ട് ട്രിപ്പുകള്‍ വരെ നടത്താറുണ്ട്. ഇത്തരത്തില്‍ 11 വിമാനങ്ങള്‍ പറക്കാതിരിക്കുന്‌പോള്‍ 90ന് അടുത്ത് സര്‍വീസുകള്‍ നിലയ്ക്കും.