ആയുധ ഇറക്കുമതിയില്‍ ഇന്ത്യ മുന്‍പില്‍

ന്യൂഡല്‍ഹി: ആയുധ ഇറക്കുമതിയില്‍ മറ്റ് രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ മുന്‍പന്തിയിലെത്തി. സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്‌ഐപിആര്‍ഐ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. തിങ്കളാഴ്ചയാണ് എസ്‌ഐപിആര്‍ഐ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2013-17 കാലയളവില്‍ ആഗോള ആയുധ ഇറക്കുമതിയില്‍ 12 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെങ്കില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ 2013മുതല്‍ 2017വരെയുള്ള കാലത്ത് 24 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. റഷ്യയിയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ ആകെ ആയുധ ഇറക്കുമതിയുടെ 62 ശതമാനവും റഷ്യയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് അമേരിക്കയാണെന്നും എസ്‌ഐപിആര്‍ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇതേ കാലയളവില്‍ പാക്കിസ്ഥാന്റെ ആയുധ ഇറക്കുമതിയില്‍ 36 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.