അമിത വേഗത്തില്‍ പാഞ്ഞ ബോളിവുഡ് ഗായകന്റെ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

മുംബൈ: അമിത വേഗതയില്‍ പാഞ്ഞ ബോളിവുഡ് ഗായകന്റെ കാറിടിച്ച് സ്ത്രീയടക്കം രണ്ട് പേര്‍ക്ക് പരിക്ക്. റോഡരികില്‍ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലാണ് ഗായകന്റെ കാറിടിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും യാത്രക്കാരിക്കുമാണ് പരിക്കേറ്റത്. പ്രമുഖ ഗായകനായ ഉദിത് നാരായണന്റെ മകനും ഗായകനുമായ ആദിത്യനാരായണനാണ് അപകടമുണ്ടാക്കിയത്. ഇയാളുടെ ആഡംബര കാര്‍ സിഗ്‌നല്‍ തെറ്റിച്ച് വന്ന് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.മുംബൈയിലെ ലോഘണ്ഡ്വാല സര്‍ക്കിളില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റവരെ കോകിലാ ബെന്‍ ധീരുബായി അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ആദിത്യ ജാമ്യം നേടി പുറത്തിറങ്ങി. നേരത്തെ റായ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരെ ആദിത്യ ഭീഷണിപ്പെടുത്തിയത് വാര്‍ത്തയായിരുന്നു.