മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭം: മുഖ്യമന്ത്രി ചര്‍ച്ചക്കു വിളിച്ചു

maharashtra-farmers-protest

മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയും കടങ്ങള്‍ പൂര്‍ണമായും എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് മുംബൈയില്‍. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന മാര്‍ച്ച് സര്‍ക്കാരിനെ പ്രതിസന്ധിലാക്കിയതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കര്‍ഷക പ്രതിനിധികളെ ചര്‍ച്ചക്കു വിളിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍ താനെയില്‍ എത്തിയാണ് സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചത്. തിങ്കളാഴ്ച ഉച്ചക്കുശേഷം സെക്രട്ടറിയേറ്റില്‍ സമരക്കാരുടെ അഞ്ച് പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സിപിഎം കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയാണ് (എബികെഎസ്) പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. തിങ്കളാഴ്ച വിധാന്‍ സഭ ഘരാവോ ചെയ്യാനാണ് കര്‍ഷകരുടെ തീരുമാനം. ജീവിതം അല്ലെങ്കില്‍ മരണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നത്.കാര്‍ഷിക കടങ്ങള്‍ തള്ളുന്നതിനു പുറമേ വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.