ഓരോ തദ്ദേശ സ്ഥാപനത്തിലും മികച്ച കളിക്കളങ്ങള്‍ വേണം: സി.കെ.വിനീത്

20vineeth

കണ്ണൂര്‍: ഐഎസ്എല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ കാരണം കുട്ടികള്‍ക്കിടയില്‍ ഫുട്‌ബോളിനോടുള്ള താത്പര്യം കൂടിയിട്ടുണ്ടെങ്കിലും അവര്‍ക്ക് കളിക്കാന്‍ കളിക്കളങ്ങളില്ലാത്ത സ്ഥിതിയാണെന്ന് ഫുട്‌ബോള്‍ താരം സി.കെ.വിനീത്. ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാടങ്ങള്‍ക്കൊപ്പം നമ്മുടെ കളിമൈതാനങ്ങളും വളരെ വേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇവ വീണ്ടെടുക്കാന്‍ നമുക്ക് സാധിക്കണം. ഇതിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും നേതൃത്വത്തില്‍ മികച്ച പരിശീലന സൗകര്യങ്ങളോടു കൂടി കളിക്കളങ്ങള്‍ നിര്‍മിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫുട്‌ബോള്‍ ഉള്‍പ്പെടെ ഏത് സ്‌പോര്‍ട്‌സിലും മികവ് പുലര്‍ത്താന്‍ സാധിക്കണമെങ്കില്‍ നിത്യേനയുള്ള പരിശീലനം അനിവാര്യമാണ്. കളിയും പഠനവും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിക്കണം. ബാഗില്‍ പുസ്തകവും പേനയുമായി ക്ലാസിലേക്ക് പോവുന്നതുപോലെ തന്നെയാണ് ഫുട്‌ബോളും ബൂട്ട്‌സും ബാഗിലാക്കി കളിക്കളത്തിലേക്ക് പോകുന്നതും. ഒഴിവുസമയത്തെ പരിശീലനം കൊണ്ടുമാത്രം മികച്ച കായികതാരം ഉണ്ടാകണമെന്നില്ല. കായികതാരങ്ങളെ സൃഷ്ടിക്കുക മാത്രമല്ല, സമൂഹത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും കളിക്കളങ്ങള്‍ അനിവാര്യമാണെന്നും സി.കെ.വിനീത് പറഞ്ഞു.