ഗൗതം ഗംഭീര്‍ ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍

gou

ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തിനുശേഷം ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ തിരിച്ചെത്തിയ ഗൗതം ഗംഭീര്‍ ഐപിഎല്‍ 2018 സീസണില്‍ ടീമിന്റെ നായകനാകും. ജനുവരിയില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ 2.8 കോടി രൂപയ്ക്കാണ് ഡെയര്‍ഡെവിള്‍സ് ഗംഭീറിനെ സ്വന്തമാക്കിയത്. കഴിഞ്ഞ ഏഴ് വര്‍ഷം കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്ന ഗംഭീറിന്റെ കീഴില്‍ നൈറ്റ് റൈഡേഴ്‌സ് രണ്ടു തവണ ചാമ്പ്യന്മാരായി. ഈ സീസണില്‍ കോല്‍ക്കത്ത ഗംഭീറിനെ ടീമില്‍ നിലനിര്‍ത്തിയിരുന്നില്ല. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് ഡെയര്‍ ഡെവിള്‍സിന്റെ പരിശീലകന്‍. ഐപിഎല്ലിലെ ആദ്യ മൂന്ന് സീസണുകളിലും ഡല്‍ഹിയുടെ താരമായിരുന്നു ഗംഭീര്‍.
ഡല്‍ഹിയുടെ നായകനായി വീണ്ടും തെരഞ്ഞെടുത്തത് തനിക്ക് ലഭിച്ച ബഹുമതിയായി കണക്കാക്കുന്നതായും റിക്കി പോണ്ടിംഗിനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ഗംഭീര്‍ തന്നെയായിരിക്കും ഡല്‍ഹിയുടെ ക്യാപ്റ്റന്‍ എന്ന സൂചനകള്‍ നേരത്തെ തന്നെ പരിശീലകന്‍ റിക്കി പോണ്ടിംഗ് വ്യക്തമാക്കിയിരുന്നു. ലേലത്തില്‍ ഒരു കൂട്ടം മികച്ച .യുവതാരങ്ങളെയാണ് ഡല്‍ഹി സ്വന്തമാക്കിയിരിക്കുന്നത്. ഏപ്രില്‍ എട്ടിന് ഡല്‍ഹിയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയാണ് ഡെയര്‍ഡെവിള്‍സിന്റെ ആദ്യ മത്സരം. 2016ല്‍ ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയിലാണ് ഗംഭീര്‍ അവസാനമായി ഇന്ത്യയുടെ ദേശീയ കുപ്പായത്തില്‍ കളിച്ചത്.