സര്‍ക്കാരിന്റെ കര്‍ശന നിലപാട് ; ബസ്സ് സമരം പിന്‍വലിച്ചു

bus-

സമരം പിന്‍വലിച്ചത് ബസ്സുടമകള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. സമരത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് മുഖ്യമന്ത്രിയുമായി ബസ്സുടമകള്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് സമരം പിന്‍വലിക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് മാനിക്കുന്നു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പിന്നീട് ചര്‍ച്ചയാവാമെന്ന് ഉറപ്പുകിട്ടിയെന്നും ബസ്സുടമകള്‍ അറിയിച്ചു. സമരം പൊളിയുന്ന ഘട്ടമെത്തിയപ്പോഴാണ് പിന്‍വലിച്ചത്. സമരം തുടരുന്നതില്‍ ഒരുവിഭാഗം ബസ്സുടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നേരത്തെ, ബസ്സുടമകള്‍ സമരം പ്രഖ്യാപിച്ചതിനേത്തുടര്‍ന്ന് യാത്രാനിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. മിനിമം ചാര്‍ജ് എട്ടു രൂപയാക്കിയാണ് പുതുക്കി നിശ്ചയിച്ചത്. എന്നാല്‍, ഇത് അപാര്യപ്തമാണെന്നും ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബസ്സുടമകള്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുകയായിരുന്നു. ബസ്സുടമകളുടെ സമരം ഗത്യന്തരമില്ലാതെ പിന്‍വലിക്കുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാര്‍ ഈ വിഷയത്തിലെടുത്ത കടുത്ത നിലപാട് ബസ്സുടമകളെ സമ്മര്‍ദ്ദത്തിലാക്കി. ഇന്നു രാവിലെ നടന്ന ചര്‍ച്ചയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നിലപാടാണെടുത്തത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള ഒരാവശ്യവും അംഗീകരിക്കാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയെന്നാണ് വിവരം. ബസ് സമരത്തെ കര്‍ശനമായി നേരിടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്കു സര്‍ക്കാര്‍ കടന്നതോടെ തൊടുപുഴയിലും തിരുവനന്തപുരത്തും ഇന്നലെ ചില ബസ്സുകള്‍ സര്‍വ്വീസ് നടത്തുകയും ചെയ്തു. പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ കഴിഞ്ഞ ദിവസം ബസ് ഉടമകള്‍ ശ്രമിച്ചെങ്കിലും ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതോടെ സമരത്തില്‍ ബസ്സുടമകളുടെ സംഘടനകള്‍ രണ്ടുതട്ടിലായി. 12 സംഘടനകളുള്‍പ്പെട്ട കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയില്‍ സമരം പെട്ടെന്നു തീര്‍ക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം.