ബി.ജെ.പിക്ക് പുതിയ ആസ്ഥാനം: ജനാധിപത്യം പാര്‍ട്ടിയുടെ മുഖമുദ്രയെന്ന് മോദി

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ 11 കോടി അംഗങ്ങളുടെ വീടായി വിശേഷിപ്പിച്ച്, പാര്‍ട്ടിയുടെ പുതിയ ദേശീയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലെ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ മാര്‍ഗില്‍ 1.70 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച ആസ്ഥാനം പാര്‍ട്ടിയുടെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിന്റെ ചിഹ്നമാണെന്ന് മോദി പറഞ്ഞു. ജനാധിപത്യമാണ് ബി.ജെ.പിയുടെ മുഖമുദ്ര. ജനാധിപത്യത്തെ അഠിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന ബി.ജെ.പി സ്വതന്ത്ര ഇന്ത്യയിലെ എല്ലാ ജനകീയ സമരങ്ങളിലും ഭാഗമായിട്ടുണ്ട്. ജനസംഘിന്റെ കാലം മുതല്‍ ഏതു ആദര്‍ശവും പ്രത്യയശാസ്ത്രവും മുന്‍നിറുത്തിയാണോ പ്രവര്‍ത്തിച്ചത്, അതില്‍ നിന്ന് വ്യതിചലിക്കാതെയാണ് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണം. പാര്‍ട്ടിയുടെ 11 കോടി അംഗങ്ങള്‍ക്ക് അവരുടെ വീടായി കേന്ദ്ര ആസ്ഥാനം മാറണം. പാര്‍ട്ടിയുടെ ഏറ്റവും വലിയ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും മോദി പറഞ്ഞു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ് തുടങ്ങിയവരും പങ്കെടുത്തു. ലോകത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും വലിയ ഓഫീസ് ബി.ജെ.പിക്കാണുള്ളതെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. രാജ്യത്തെ 635 ജില്ലകളിലും ഓഫീസുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഷാ അറിയിച്ചു. 2016 ആഗസ്റ്റിലാണ് പുതിയ ആസ്ഥാന മന്ദിരത്തിന് മോദി തറക്കലിട്ടത്. ലൂട്ടിയന്‍സ് ഡല്‍ഹിയില്‍ മന്ത്രിമാര്‍ക്കുള്ള ബംഗ്‌ളാവുകളിലാണ് നിലവില്‍ പാര്‍ട്ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മാറ്റി സ്ഥാപിക്കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായ മാര്‍ഗില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് സ്ഥലവും അനുവദിച്ചു. ഇവിടെ മാറുന്ന ആദ്യ പാര്‍ട്ടി ഓഫീസാണ് ബി.ജെ.പിയുടെത്. ഓഡിറ്റോറിയം, 70 മുറികള്‍, ദേശീയ അദ്ധ്യക്ഷനും ഭാരവാഹികള്‍ക്കുമുള്ള ഓഫീസ്, ലൈബ്രറി, മീഡിയാ റൂം തുടങ്ങിയ അട്കം അഞ്ച് നിലകളിലാണ് ദേശീയ ആസ്ഥാനം.