ജേക്കബ് തോമസിന്റെ വിശദീകരണം  സര്‍ക്കാര്‍ തള്ളി, നടപടിയുമായി മുന്നോട്ട്

തിരുവനന്തപുരം: ഡിസംബര്‍ ഒമ്പതിന് തലസ്ഥാനത്ത് നടന്ന പരിപാടിയില്‍ ഓഖി ചുഴലിക്കാറ്റിനേയും അഴിമതിയേയും ചേര്‍ത്ത് സര്‍ക്കാരിനെതിരായി പ്രസംഗിച്ചതിനെ കുറിച്ച് ഡി.ജി.പി ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. ജേക്കബ് തോമസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്ന് ഉറപ്പായി. ശമ്പള വര്‍ദ്ധന തടയുകയോ, ശമ്പളം തടഞ്ഞുവയ്ക്കുകയോ ആയിരിക്കും ജേക്കബ് തോമസിനെതിരെ സര്‍ക്കാരിന് സ്വീകരിക്കാവുന്ന നടപടികള്‍. എന്നാല്‍, തരംതാഴ്ത്താനോ, സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനോ കഴിയില്ല.
സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്ന ജേക്കബ് തോമസിന്റെ പ്രസ്താവന ഗുരുതരവും മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ജേക്കബ് തോമസിന് നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രസംഗത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ കഴിയുകയാണ് ഐ.എം.ജി ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസ്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനെതിരെയോ, നിയമ സമാധാന തകര്‍ച്ചയെക്കുറിച്ചോ താന്‍ സംസാരിച്ചിട്ടില്ലെന്നായിരുന്നു ജേക്കബ് തോമസ് കുറ്റാരോപണത്തിന് മറുപടി നല്‍കിയത്. ഡിസംബര്‍ 9ന് അഴിമതി വിരുദ്ധദിനത്തിലാണ് പ്രസ് ക്‌ളബില്‍ താന്‍ പ്രസംഗിച്ചത്. 2016ലെ അഴിമതിവിരുദ്ധദിനത്തില്‍ പറഞ്ഞ അതേകാര്യങ്ങളാണ് ഇത്തവണയും പറഞ്ഞത്. കഴിഞ്ഞവര്‍ഷം ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രതിജ്ഞയാണ് താന്‍ ചൊല്ലിക്കൊടുത്തതെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.അതേസമയം, സര്‍ക്കാര്‍ നടപടി എടുത്താല്‍ ജേക്കബ് തോമസ് കേന്ദ്രത്തെ സമീപിച്ചേക്കും. അങ്ങനെയങ്കില്‍ സസ്‌പെന്‍ഷന്‍ പുന:പരിശോധിക്കുകയോ, സര്‍വീസില്‍ തിരിച്ചെടുക്കാനോ സംസ്ഥാനത്തോട് കേന്ദ്രം നിര്‍ദ്ദേശിക്കും. മാത്രമല്ല, സ്വതന്ത്ര അന്വേഷണത്തിന് സമയപരിധിയും നിശ്ചയിക്കാനാവും.