കശ്മീരിലെ സൈനിക ക്യാമ്പുകള്‍ക്കുനേരെ 15 വര്‍ഷത്തിനിടെ എട്ട് ഭീകരാക്രമണം

kas

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരര്‍ സൈനിക ക്യാമ്പുകളെ ലക്ഷ്യമിടുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ എട്ട് തവണയാണ് ഭീകരര്‍ ജമ്മുവില്‍ സൈനിക ക്യാമ്പുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. വിവിധ ആക്രമണങ്ങളിലായി 60 സൈനികരാണ് കൊല്ലപ്പെട്ടത്. സുംജവാന്‍ സൈനിക ക്യാമ്പിനു നേരെ ഇത് രണ്ടാം തവണയാണ് ഭീകരാക്രമണം ഉണ്ടാകുന്നത്. 2003ല്‍ ഭീകരര്‍ സുംജവാന്‍ സൈനിക ക്യാമ്പ് ആക്രമിച്ചിരുന്നു.
2003 ജൂണ്‍ 28നായിരുന്നു ആദ്യമായി സുംജവാന്‍ സൈനിക ക്യാമ്പിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. 12 സൈനികര്‍ അന്ന് കൊല്ലപ്പെടുകയും ഏഴ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.2003 ജൂലൈ 22ല്‍ ടാന്‍ഡ സൈനിക ക്യാമ്പിനു നേരയുണ്ടായ ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
2002 മാര്‍ച്ച് 14ന് കലൂചക് സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 22 സൈനികരും അവരുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ക്യാമ്പിനുസമീപം ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 25 സൈനികര്‍ക്കു ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.2015 മാര്‍ച്ച് 21ന് സാമ്പ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
2016 നവംബറില്‍ നഗറോട്ട സൈനിക ക്യാമ്പിനു നേരെയും ഭീകരാക്രമണം ഉണ്ടായി. നിരവധി സൈനികരാണ് നഗറോട്ടയില്‍ കൊല്ലപ്പെട്ടത്. 2017 ല്‍ അഖ്‌നൂര്‍ സെക്ടറില്‍ സൈനിക പോസ്റ്റിനു നേരെയും 2015ല്‍ കതുവ പോലീസ് സ്റ്റേഷനു നേരെയും ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ നിരവധി പോലീസുകാരും സൈനികരും കൊല്ലപ്പെട്ടു.