ധര്‍മജന്‍ നിര്‍മ്മാതാവാകുന്നു

darm

ധര്‍മജന്‍ ബോള്‍ഗാട്ടി നിര്‍മാണ മേഖലയിലേക്ക് ചുവടുറപ്പിക്കുന്നു.
അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒന്നു രണ്ട് സിനിമകളുടെ പിന്നില്‍ നിന്ന് അത് ഒരു പ്രൊജക്ടായി രൂപപ്പെടുത്തിയെടുക്കാന്‍ വേണ്ട ഒത്താശകള്‍ ധര്‍മജനാണ് ചെയ്തു കൊടുത്തത്. നല്ല കഥകള്‍ പറയുവാന്‍ പുതിയ കഥാകാരന്മാരും തിരക്കഥാകൃത്തുകളും വരുന്നുണ്ട്. എന്നാല്‍ അവരില്‍ പലര്‍ക്കും ഇന്ന് സിനിമ മേഖലയിലെ പ്രമുഖരും തിരക്കുള്ളവരുമായ നായക നടന്മാരോട് കഥ പറഞ്ഞു കേള്‍പ്പിക്കാന്‍ പോലും സാധിക്കുന്നില്ല, നായക നടന്റെ അടുക്കല്‍ എത്താന്‍ കഴിയുന്നില്ല എന്ന കാരണത്താല്‍ പല സിനിമകളും നടക്കാതെ പോകുന്നുമുണ്ട്.
ഈ സാഹചര്യത്തില്‍ ധര്‍മജന്റെ പരിചയക്കാരും സുഹൃത്തുക്കളുമായ ചിലരുടെ കഥ ധര്‍മജന്‍ കേള്‍ക്കുകയും അത് നായക നടന്മാരില്‍ എത്തിക്കുകയും കഥ ഇഷ്ടമായപ്പോള്‍ പ്രൊഡ്യൂസര്‍ ഉള്‍പ്പടെയുള്ള സന്നാഹങ്ങള്‍ ധര്‍മജന്‍ അവരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒന്നു രണ്ട് അനുഭവങ്ങള്‍ ഉണ്ടായപ്പോഴാണ് സ്വന്തമായി സിനിമ നിര്‍മിച്ചാലൊ എന്ന ആശയത്തില്‍ അദ്ദേഹം എത്തിയത്.
ആദിത്യ ക്രിയേഷന്‍സ് എന്ന് ബാനറില്‍ ധര്‍മജനൊപ്പം സുഹൃത്തുക്കളായ മനു, സുരേഷ് എന്നിവരും നിര്‍മാണ പങ്കാളിത്തം വഹിക്കുന്നുണ്ട്. ഈ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ സിനിമയുടെ ഷൂട്ടിംഗ് മാര്‍ച്ചില്‍ കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിക്കും. ഏപ്രില്‍ ഏഴിന് ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തും. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകന്‍.