ഭൂപ്രശ്‌നം പരിഹരിക്കാന്‍ കിഴക്കന്‍ മലയോര മേഖല  കേന്ദ്രമാക്കി റവന്യു ഡിവിഷന്‍ അനിവാര്യമെന്ന് മന്ത്രി

raju

കുളത്തൂപ്പുഴ: ജനങ്ങള്‍ ഉന്നയിക്കുന്ന ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലയുടെ കിഴക്കന്‍ മലയോര മേഖല കേന്ദ്രമാക്കി റവന്യൂ ഡിവിഷന്‍ തുടങ്ങേണ്ടത് അനിവാര്യമാണെന്ന് മന്ത്രി കെ.രാജു പറഞ്ഞു.റോസ്മല നിവാസികളുടെ കൈവശഭൂമി കൈമാറ്റ സാധൂകരണ പത്രിക വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുളത്തൂപ്പുഴ, തെന്മല,ആര്യങ്കാവ്, പിറവന്തൂര്‍ തുടങ്ങിയ വില്ലേജുകളിലെല്ലാം ഭൂപ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ ഉയര്‍ന്നു വരികയാണ്. സാംനഗര്‍ പട്ടയപ്രശ്‌നം, ദര്‍ഭക്കുളം മിച്ചഭൂമി പ്രശ്‌നം,കുറവന്‍താവളം ദേവസ്വം ഭൂമി തര്‍ക്കം ഇവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ് ഇവ അടിയന്തിരമായി പരിഹരിക്കാന്‍ റവന്യൂഡിവിഷന്‍ തുടങ്ങേണ്ടതുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ സജീവപരിഹണനയിലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഭൂമി കൈമാറ്റം സാധൂകരിച്ചുകൊണ്ടുള്ള ഔദ്യോഗിക രേഖ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചതോടെ റോസ്മല നിവാസികളുടെ ദീര്‍ഘകാല സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മുന്‍ കാലത്ത് നടന്ന ഭൂമി കൈമാറ്റങ്ങള്‍ക്ക് നിയമത്തിന്റെ സാധുതയില്ലാതിരുന്നത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തിയിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് ഭൂമി കൈമാറ്റത്തിന് സാധൂകരണമെന്ന സുപ്രധാന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
ആദ്യഘട്ടം എന്ന നിലയിലാണ് 165 പേര്‍ക്ക് ഉടമസ്ഥാവകാശം നല്‍കിയത്. ഇവര്‍ക്ക് ഉടന്‍ കരമടച്ച് പറ്റ് ചീട്ട് കൈപ്പറ്റാവുന്നതാണ്. രണ്ടാം ഘട്ടത്തില്‍ ഒന്ന് മുതല്‍ രണ്ടേക്കര്‍ വരെയുള്ളവര്‍ക്കും സാധൂകരണ പത്രിക നല്‍കും. രണ്ടേക്കറിന് മുകളില്‍ ഭൂമി കൈവശമുള്ള സ്ഥിരതാമസക്കാര്‍ക്കും സാധൂകരണം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
റോസ്മലയിലെ മുഴുവന്‍ വീടുകളിലും വൈദ്യുതിയെത്തിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. ആര്യങ്കാവ്‌റോസ്മല റോഡ് നിര്‍മാണത്തിന് നാല് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗവ. യുപി സകൂളിന് പുതിയ കെട്ടിടമെന്ന ആവശ്യം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പരിഗണിക്കും. സ്‌കൂളിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പും ഫണ്ട് വിനിയോഗിക്കും. എല്ലാം ശരിയാകുമെന്ന സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് റോസ്മല തെളിയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റോസ്മല മിച്ച ഭുമി പ്രശ്‌നം പോലെ കിഴക്കന്‍ മേഖലയിലെ ദര്‍ഭക്കുളം മിച്ച ഭൂമി വിഷയം, സാംനഗര്‍ പട്ടയ പ്രശ്‌നം, മാമ്പഴത്തറ ദേവസ്വം ഭൂമി പ്രശ്‌നം എന്നിവയും പരിഹരിക്കുന്നതിനുള്ള തീവ്രശ്രമം സര്‍ക്കാരും ജില്ലാ ഭരണകൂടവും നടത്തുമെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നളിനയമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അച്ചന്‍കോവില്‍ സുരേഷ്‌കുമാര്‍, തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലൈലജ, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്തംഗം കെ.ആര്‍. ഷീജ, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം പി. സുനിത, ഗ്രാമപഞ്ചായത്തംഗം വരദ പ്രസന്നന്‍, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. ശശികുമാര്‍, എസ്. നവമണി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.