സാന്ത്വന പരിചരണ രംഗത്ത് കേരളം മാതൃക: മുഖ്യമന്ത്രി

കണ്ണൂര്‍: സാന്ത്വന പരിചരണ രംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മറ്റു ജില്ലകളില്‍ ചിലപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നടക്കുന്നുണ്ടെങ്കിലും ജില്ലയുടെ മുഴുവന്‍ ഭാഗങ്ങളിലേക്കും ഇതിന്റെ സേവനം ലഭ്യമാക്കാന്‍ കണ്ണൂര്‍ ജില്ലയ്ക്ക് സാധിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ധര്‍മടം അസംബ്ലി മണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ പാലിയേറ്റീവ് കെയര്‍ സൗഹൃദ മണ്ഡലമാക്കി മാറ്റുന്നതിനുള്ള സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്പര്‍ശം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ നടന്ന കണക്കെടുപ്പില്‍ 1504 പേര്‍ വീട്ടിലെത്തിയുള്ള പരിചരണവും 170 പേര്‍ ഫിസിയോതെറാപ്പിയും ആവശ്യമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാന്‍സര്‍ രോഗികളായ 400ലേറെ പേരും നൂറോളം വൃക്കരോഗികളും 700ലേറെ വാര്‍ധക്യസഹജമായ രോഗമുള്ളവരും സാന്ത്വന പരിചരണം ആവശ്യമുള്ളവരാണ്.
നട്ടെല്ലിന് ക്ഷതമേറ്റവര്‍, പക്ഷാഘാതം ബാധിച്ചവര്‍, ഭിന്നശേഷിക്കാര്‍, മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നവര്‍, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവര്‍ തുടങ്ങി സഹായം ആവശ്യമുള്ളവരും ഏറെയുണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാവിധ പാലിയേറ്റീവ് പരിചരണവും ലഭ്യമാക്കുകയാണ് സ്പര്‍ശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രൈമറി ഹെല്‍ത്ത് സെന്ററുകളും മണ്ഡലത്തിലെ രണ്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും കേന്ദ്രീകരിച്ച് ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ ഒരുക്കും.ഇവിടങ്ങളിലേക്ക് രോഗികളെ കൊണ്ടുപോവാനുള്ള വാഹന സൗകര്യവും ഏര്‍പ്പെടുത്തും.
പോഷകാഹാരം ആവശ്യമായവര്‍ക്ക് അത് എത്തിക്കുന്നതിനുള്ള പദ്ധതി ഉടന്‍ തന്നെ നടപ്പാക്കും. ഗൃഹസന്ദര്‍ശനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി വീടുകളില്‍ വച്ച് തന്നെ ഡോക്ടര്‍മാരുമായി സംവദിക്കുന്നതിന് സൗകര്യമൊരുക്കും. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, സന്നദ്ധ സംഘടനകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി സഹകരിച്ചാണ് സ്പര്‍ശം പദ്ധതി നടപ്പാക്കുക. കിടപ്പുരോഗികള്‍ക്കും രോഗങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്കും സാന്ത്വനപരിചരണമെത്തിക്കാന്‍ ഐആര്‍പിസി പോലുള്ള സന്നദ്ധ സംഘടനകള്‍ നടത്തുന്ന സേവനം ശ്ലാഘനീയമാണ്.
ഉയര്‍ന്ന ജോലിയുള്ളവര്‍ അടക്കം ജോലിസമയത്തിന് മുമ്പും ശേഷവും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കാണാനാവുന്നത് അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.കെ. രാഗേഷ് എംപി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. എ.ടി. മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എംഎല്‍എ പി. ജയരാജന്‍ സാന്ത്വന പരിചരണ രംഗത്തെ അനുഭവങ്ങള്‍ പങ്കുവച്ചു. ഡിപിസി അംഗം കെ. ഗോവിന്ദന്‍ പദ്ധതി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, കെ.വി. ബാലന്‍, കെ.ഒ. സുരേന്ദ്രന്‍, സക്കരിയ്യ മാസ്റ്റര്‍, പി.കെ. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.